
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ മൂന്നാം ഭരണത്തിലേക്കുള്ള കാൽവെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വളരെ വ്യക്തമായ കാഴ്ചപ്പാടോട് കൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങൾ ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് പ്രവർത്തിച്ചത്. ശുചിത്വ കേരളം പ്രാവർത്തികമാക്കിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വമ്പിച്ച മാറ്റം വരുത്താൻ ഈ സർക്കാരിന് കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളിൽ മികച്ച വിജയം എല്ലാകാലത്തും ഉണ്ടായത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാണ്. ഇത്തവണയും അത് ആവർത്തിക്കും. തെരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിക്കും എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.