നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളിയുടെ കാര്‍ കത്തിച്ചു; മലയാളി കുടുംബങ്ങൾക്ക് ജാഗ്രതാ നിർദേശം ..



ബെൽഫാസ്റ്റ‌് നോർത്തേൺ അയർലൻഡിലെ ലണ്ടൻ ഡെറി കൗണ്ടിയിൽ വീണ്ടും വർണവെറി അതിക്രമം. മലയാളി കുടുംബത്തിന്റെ കാർ അഗ്നിക്കിരയാക്കി. വെള്ളിയാഴ്ച‌ പുലർച്ചെ രണ്ടുമണിയോടെ ലിമാവാഡിയിൽ ഐറിഷ് ഗ്രീൻ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണു കത്തിച്ചത്.

കാർ പൂർണമായും കത്തി നശിച്ചതായും ചെടികൾക്കും മറ്റും നാശം സംഭവിച്ചതായും നോർത്തേൺ അയർലൻഡ് പൊലീസ് സർവീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സിസിടിവി, മൊബൈൽ ദൃശ്യങ്ങൾ ശേഖരിച്ചുള്ള അന്വേഷണത്തിനും ശ്രമം നടക്കുന്നുണ്ട്.

സംഭവത്തെ അപലപിച്ചു ഡിയുപി കൗൺസിലർ ആരോൺ ക്യാലൻ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം അതിക്രമങ്ങൾക്കു നമ്മുടെ സമൂഹത്തിൽ സ്ഥ‌ാനമില്ലെന്നും അക്രമം നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു. ലിമാവാഡി ആരെയും സ്വീകരിക്കുന്ന നഗരമാണെന്നും വംശീയ, വർണ അതിക്രമങ്ങൾക്കെതിരെ ഒരുമിച്ചു നിൽക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളി കുടുംബത്തിന്റെ കാർ കത്തിച്ചതായും കഴിഞ്ഞയാഴ്ച മറ്റൊരു കുടുംബത്തിന്റെ കാറിന്റെ നാലു ടയറുകളും കുത്തിപ്പൊട്ടിച്ച സംഭവമുണ്ടായതായും പ്രദേശത്തെ മലയാളി വാട്‌സാപ് ഗ്രൂപ്പിൽ അറിയിപ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുടിയേറ്റക്കാർക്കുനേരെയുള്ള അതിക്രമമാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും സമാന പ്രശ്‌നങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നതിനാൽ ജാഗ്രത പുലർത്തണമെന്നും മലയാളി കുടുംബങ്ങൾക്കു ഗ്രൂപ്പ് അംഗങ്ങൾ തന്നെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.




أحدث أقدم