
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗത്തിന് കേസ് എടുത്തതോടെ നിലവിലെ നിയമസഭയില്‍ സ്ത്രീപീഡന കേസ് നേരിടുന്ന എംഎല്‍എമാരുടെ എണ്ണം നാലായി. കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് പേരും സിപിഎമ്മില്‍ നിന്നും ഒരാളുമാണ് സമാനമായ കേസുകള്‍ നേരിടുന്നത്. ഇതില്‍ ജയിലില്‍ കിടന്നത് ഒരാളാണ്. കോവളം എംഎല്‍എ എം വിന്‍സെന്റാണ് നേരത്തെ അറസ്റ്റിലായി റിമാനഡിലായിട്ടുള്ളത്.
2017ല്‍ ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയുടെ ലൈംഗികപീഡന പരാതിയിലാണ് എം വിന്‍സെന്റ് പ്രതിയായത്. വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡനക്കേസ് പൊങ്ങിവന്നത്. ഇതോടെ വിന്‍സെന്റ് അറസ്റ്റിലായി. ഒരു മാസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തുവന്നത്. നിലവില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയാണ് പീഡനക്കേസില്‍ പ്രതിയായ മറ്റൊരു കോണ്‍ഗ്രസുകാരന്‍. തിരുവനന്തപുരം സ്വദേശിനി അധ്യാപികയെ പലവട്ടം പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കോവളത്ത് എത്തിച്ച് പാറക്കെട്ടില്‍ നിന്നും തളളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു എന്നും പരാതി ഉണ്ടായിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ എല്‍ദോസ് ജയിലില്‍ പോയില്ല
നടനും കൊല്ലം എംഎല്‍എയുമാണ് പീഡനക്കേസില്‍ പ്രതിയായ സിപിഎം പ്രതിനിധി. രണ്ട് കേസുകള്‍ നേരിടുകയാണ് മുകേഷ്. എംഎല്‍എ ആകുന്നതിന് മുമ്പുള്ളതാണ് കേസുകള്‍ എങ്കിലും ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് പരാതികൾ പൊങ്ങിവന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ മുകേഷും ജയിലില്‍ പോയില്ല. രണ്ട് കേസിലും കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്.
ഈ പട്ടികയില്‍ അവസാനം എത്തിയ ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മറ്റുള്ള എംഎല്‍എമാരേക്കാള്‍ പാര്‍ട്ടിക്ക് ഏറെ ആഘാതം ഉണ്ടാക്കുന്നതാണ് രാഹുലിന് എതിരായ കേസ്. പീഡനം മാത്രമല്ല, നിര്‍ബന്ധിച്ച് അബോര്‍ഷന്‍ നടത്തല്‍, മര്‍ദനം ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍.