
ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ വലിയ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഫരീദാബാദില്‍ നിന്നും പിടിയിലായ ഡോക്ടര്‍ മൊഴി നല്‍കിയതായി സൂചന. ഇതിന്റെ ഭാഗമായി താനും ഡല്‍ഹിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും ചെങ്കോട്ടയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മല്‍ ഷക്കീലാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്. പലതവണ ചെങ്കോട്ടയും പരിസരത്തും സംഘം നിരീക്ഷണം നടത്തിയിരുന്നതായാണ് അന്വേഷണ സംഘം കരുതുന്നത്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് മുസമ്മില്‍.
ഡോക്ടര്‍ മുസമ്മലിന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദീപാവലി ദിവസം തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ മൊഴി നല്‍കിയതായി അധികൃതര്‍ സൂചിപ്പിക്കുന്നു. ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ജമ്മുകശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ മുഹമ്മദ് റാത്തറാണ് ആദ്യം അറസ്റ്റിലാകുന്നത്.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദിലെ ഡോക്ടറായ മുസമ്മില്‍ ഷക്കീലും പിടിയിലാകുന്നത്. ആദിലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഫരീദാബാദിലെ ആശുപത്രില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം 300 കിലോ ആര്‍ഡിഎക്സ്, എകെ 47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കൂട്ടാളികളായ രണ്ടു ഡോക്ടര്‍മാരും പിടിയിലായതോടെ ഡല്‍ഹിയില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബി പരിഭ്രാന്തനായി. തുടര്‍ന്ന് ഫരീദാബാദില്‍ നിന്നും കാറില്‍ ചെങ്കാട്ടയ്ക്ക് സമീപമെത്തി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.