
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയുളളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണം എന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലിചെയ്യുന്നവർക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ ഒമ്പതിന് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബർ 11 ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.