എല്ലാവരും ഞങ്ങൾക്ക് തന്നെ വോട്ട് തരണേ’… ബീഫ് ബിരിയാണിയും, തേങ്ങാച്ചോറും വിളമ്പി സ്ഥാനാർത്ഥികൾ..


ഒരു വോട്ട് കിട്ടാൻ എന്തൊക്കെ പെടാപാടാണല്ലേ? വാഗ്ദാനങ്ങളിൽ വീഴാത്ത മലയാളികളുടെ വോട്ട് പിടിക്കുക എന്നത് ശ്രമകരമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ബിരിയാണി ഓഫറുമായി സ്ഥാനാർഥികൾ രംഗത്തെത്തുന്നത്. ബിരിയാണിയും തേങ്ങാച്ചോറും ബീഫും വിളമ്പി വോട്ട് പിടിക്കാമെന്നുള്ള അതിമോഹം ഉണ്ടായത് മൂവാറ്റുപുഴ മേഖലയിലെ ചില സ്ഥാനാർഥികൾക്കാണ്.

വോട്ട് ഉറപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ബിരിയാണി സൽക്കാരത്തിൽ വരെ കൊണ്ട് സ്ഥാനാർത്ഥികളെ നിർത്തിയത്. മുന്നണി സ്ഥാനാർഥികൾക്ക് പുറമെ സ്വതന്ത്ര സ്ഥാനാർഥികളും ബിരിയാണി സൽക്കാരവുമായി രംഗത്തെത്തി കഴിഞ്ഞു. പതിനെട്ടാമത്തെ അടവ് തന്നെയെന്ന് വേണമെങ്കിൽ പറയാം.

എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ ഒരു പ്രധാന ഭക്ഷണവിഭവമാണ് തേങ്ങാച്ചോറും ബീഫും. പായിപ്ര പഞ്ചായത്തിലും മൂവാറ്റുപുഴ നഗരസഭയിലും മത്സരിക്കുന്ന ചില സ്ഥാനാർഥികളാണ് ഭക്ഷണം വിളമ്പി വോട്ട് നേടാനുള്ള ശ്രമവുമായി സജീവമായി രംഗത്തുള്ളത്. നിരവധി പേർ ഇതുവരെ തങ്ങളുടെ വാർഡുകളിൽ ബിരിയാണി സദ്യ നടത്തി. എങ്ങനെയും വോട്ടു വാങ്ങി എടുക്കുക എന്ന ‘സദുദ്ദേശ്യ’മാണ് ഈ സദ്യക്ക് പിന്നിലെന്ന് സ്ഥാനാർത്ഥികളും പറയുന്നു. വോട്ട് തനിക്കും കിട്ടണം എന്നതുകൊണ്ട് തന്നെ ഒന്നും മിണ്ടാതെ എതിർ സ്ഥാനാർഥിയും ഇത്തരം പരീക്ഷണങ്ങളിൽ മുന്നിൽ തന്നെയാണ്. ബീഫ് ബിരിയാണിയാണ് എല്ലാവരും നൽകുന്നത്.

കാറ്ററിങ് തൊഴിലാളികൾക്കും ഈ തെരഞ്ഞെടുപ്പ് ചാകരയായ മട്ടാണ്. എന്ത് വില കൊടുത്തും വോട്ട്, അത് മാത്രമാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യം. എന്തായാലും കോളടിച്ചത് നാട്ടുകാർക്കാണെന്ന് പറയേണ്ടതില്ലല്ലോ…

أحدث أقدم