
പൊലീസ് ഇടപെട്ടാലും തിരിച്ചുവരില്ലെന്ന കുറിപ്പെഴുതിവെച്ച് ഭാര്യ ആൺസുഹൃത്തിനൊപ്പം പോയി. പിന്നാലെ നാലുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ചൊവ്വാഴ്ച രാത്രിയോടെ കർണാടകയിലെ കോലാറിലാണ് സംഭവം. 37 കാരനായ ലോകേഷ് ആണ് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കോലാറിലെ മുൽബാഗലിലുള്ള ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളജിന് സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. നിഹാരികയുടെ മൃതദേഹം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലും ലോകേഷിന്റേത് പുറത്ത് ഒരു മരത്തിന് സമീപത്തുമാണ് കണ്ടെത്തിയത്.
നാല് വർഷം മുമ്പാണ് ലോകേഷ് നവ്യശ്രീ എന്ന യുവതിയെ വിവാഹം കഴിച്ചത്. മുൽബാഗൽ താലൂക്കിലെ മുഡിയനുരു ഗ്രാമത്തിലാണ് ഇവർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ലോകേഷ് നവംബർ നാല് മുൽബാഗൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തനിക്ക് ലോകേഷിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്നും തന്നെ അന്വേഷിക്കേണ്ടതില്ലെന്നും കുറിപ്പ് എഴുതിവെച്ചാണ് നവ്യശ്രീ പോയത്.
മകളെ നന്നായി നോക്കണമെന്നും പൊലീസ് ഇടപെട്ടാലും തിരിച്ചുവരില്ലെന്നും നവ്യശ്രീ പറഞ്ഞിരുന്നു. പരാതി നൽകിയ ശേഷം രാത്രി എട്ട് മണിയോടെ കാറിലാണ് ലോകേഷ് പുറത്തേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. ലോകേഷിന്റെ പിതാവിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.