
ആലപ്പുഴ ബീച്ചിൽ വിഷം കഴിച്ച ശേഷം കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ടൂറിസം പൊലീസ് രക്ഷിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. പൊലീസിന് രാത്രി ലഭിച്ച സന്ദേശമാണ് യുവാവിൻ്റെ ജീവൻ രക്ഷിക്കുന്നതിലേക്ക് നയിച്ചത്. യുവാവിൻ്റെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവാവ് സുഖം പ്രാപിച്ചുവരുന്നതായാണ് പൊലീസ് നൽകുന്ന വിവരം
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരാൾ ആലപ്പുഴ ബീച്ചിലെത്തിയിട്ടുണ്ടെന്നും കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. വിവരം ലഭിച്ച ഉടൻ ടൂറിസം പൊലീസ് ആലപ്പുഴ ബീച്ചിൽ പരിശോധനക്കിറങ്ങി. ഇവർ തിരച്ചിൽ നടത്തിയ സമയത്ത് വിഷം കഴിച്ച ശേഷം കടലിൽ ചാടാനുള്ള ഒരുക്കത്തിലായിരുന്നു യുവാവ്. ടൂറിസം പൊലീസ് ഉദ്യോഗസ്ഥരായ ധനേഷും ഇന്ദ്രജിത്തും കോസ്റ്റൽ വാർഡനായ രഞ്ജിത്തും ഇയാളെ കണ്ടെത്തിയെങ്കിലും യുവാവിൻ്റെ സംസാരത്തിൽ പന്തികേട് തോന്നി. ഉടനെ മൂവരും ചേർന്ന് ഒരു ഓട്ടോറിക്ഷയിൽ യുവാവിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ യുവാവിന് വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.