‘ലൈംഗിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം’.. റോഡരികിലെ ആയുർവേദ കൂടാരം കണ്ട് ചെന്ന ഐടി ജീവനക്കാരന് നഷ്ടമായത്…


ലൈംഗികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയ ബെംഗളൂരുവിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് വ്യാജ ആയുർവേദ ഡോക്ടറുടെയും മരുന്നുകടയുടേയും തട്ടിപ്പിലൂടെ നഷ്ടമായത് 48 ലക്ഷം രൂപ. ഇത് മാത്രമല്ല, കഴിച്ച മരുന്നുകൾ കാരണം വൃക്കകൾക്ക് ഗുരുതരമായ തകരാറുണ്ടായതായും പൊലീസ് പറഞ്ഞു. ശിവമോഗ സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കെംഗേരിയിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെയാണ് തട്ടിപ്പിന് ഇരയായത്. മെയ് 3-ന് യാത്ര ചെയ്യുമ്പോൾ, കെഎൽഇ ലോ കോളേജിന് സമീപം ലൈംഗിക പ്രശ്നങ്ങൾക്ക് പെട്ടെന്നുള്ള ആശ്വാസം വാഗ്ദാനം ചെയ്യുന്ന ഒരു ബോർഡ് സ്ഥാപിച്ച ടെൻ്റ് അദ്ദേഹം ശ്രദ്ധിച്ചു. അവിടെ അന്വേഷിച്ചപ്പോൾ പരിചയപ്പെട്ട വിജയ് ഗുരുജി എന്നയാൾ “ആയുർവേദ”ത്തിലൂടെ പെട്ടെന്ന് പരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്തു.

ഹരിദ്വാറിൽ നിന്ന് പ്രത്യേകമായി ലഭ്യമാക്കിയതാണെന്ന് അവകാശപ്പെട്ട ദേവരാജ് ബൂട്ടി എന്ന മരുന്നാണ് ഗുരുജി നിർദ്ദേശിച്ചത്. ഇതിന് ഗ്രാമിന് 1,60,000 രൂപയായിരുന്നു വില. മരുന്ന് യശ്വന്ത്പൂരിലെ വിജയലക്ഷ്മി ആയുർവേദ ഷോപ്പിൽ നിന്ന് പണമായി (Cash Only) മാത്രമേ വാങ്ങാവൂ എന്നും ഓൺലൈൻ പേയ്മെൻ്റോ മറ്റാരെയെങ്കിലും കൂടെ കൂട്ടുകയോ ചെയ്താൽ മരുന്നിന് ഫലമില്ലാതാകുമെന്നും ഗുരുജി കർശനമായി നിർദേശിച്ചു. മാസങ്ങൾക്കുള്ളിൽ, 15 ഗ്രാം ഭാവന ബൂട്ടി ഓയിൽ (ഗ്രാമിന് 76,000 രൂപ), 18 ഗ്രാം ദേവരാജ് ബൂട്ടി പൗഡർ, 4 ഗ്രാം ദേവരാജ് രസബൂട്ടി (ഗ്രാമിന് 2,60,000 രൂപ) എന്നിവ ഉൾപ്പെടെ 48 ലക്ഷം രൂപയുടെ മരുന്നുകൾ വാങ്ങാൻ ടെക്കിയെ തട്ടിപ്പുകാർ പ്രേരിപ്പിച്ചു. ഇതിനായി ഇദ്ദേഹം ഭാര്യയിൽ നിന്നും മാതാപിതാക്കളിൽ നിന്നും 17 ലക്ഷം രൂപ കടം വാങ്ങുകയും എച്ച്.ഡി.എഫ്.സി. ബാങ്കിൽ നിന്ന് 20 ലക്ഷം രൂപ വായ്പയെടുക്കുകയും സുഹൃത്തിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങുകയും ചെയ്തു.

വളരെ വിലയേറിയ ചികിത്സ ഫലം കണ്ടില്ലെന്ന് മാത്രമല്ല, അടുത്തിടെ നടത്തിയ രക്തപരിശോധനയിൽ ഈ മരുന്നുകളുടെ ഉപയോഗം കാരണം വൃക്കകൾക്ക് തകരാറുണ്ടായതായി ഡോക്ടർമാർ അറിയിച്ചു. തന്റെ ആരോഗ്യം ഗുരുതരമായി ബാധിച്ചതായി ടെക്കി പരാതിയിൽ പറയുന്നു. ചികിത്സ ഫലിക്കുന്നില്ലെന്ന് പരാതിപ്പെട്ടപ്പോൾ, ഗുരുജി കൂടുതൽ വിലകൂടിയ മരുന്നുകൾ നിർദ്ദേശിക്കുകയും, ചികിത്സ തുടർന്നില്ലെങ്കിൽ ആരോഗ്യം മോശമാകുമെന്നും ജീവൻ അപകടത്തിലാകുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട് ഉപദ്രവം തുടർന്നു. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന ടെക്കി, വിജയ ഗുരുജിക്കും വിജയലക്ഷ്മി ആയുർവേദ ഷോപ്പ് ഉടമകൾക്കുമെതിരെ ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വഞ്ചന, ആരോഗ്യത്തിന് അപകടമുണ്ടാക്കൽ, വ്യാജ ചികിത്സയിലൂടെയുള്ള ചൂഷണം എന്നിവയാണ് എഫ്.ഐ.ആറിലെ ആരോപണങ്ങൾ. പ്രതികൾ ഒളിവിലാണെന്നും അവരെ പിടികൂടാൻ പ്രത്യേക ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും ഡി.സി.പി. അനിത ഹദ്ദണ്ണവർ അറിയിച്ചു. റോഡരികിലെ ഇത്തരം എല്ലാ മെഡിക്കൽ ടെൻ്റുകളും നീക്കം ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡി.സി.പി. കൂട്ടിച്ചേർത്തു.

أحدث أقدم