തിരുവനന്തപുരം : സംസ്ഥാനത്ത് ബിജെപിയിൽ കൂട്ട ആത്മഹത്യ നടന്നുകൊണ്ടിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇത് ഗൗരവമുള്ള വിഷയമാണ്. പരാതി പറയാൻ വയ്യാത്ത അവസ്ഥയാണ് നിലവിൽ . ബിജെപി വികാരമായി കണ്ടവരെ പറഞ്ഞുവിടുകയാണ്. തിരുവനന്തപുരത്ത് ബിജെപി 20 സീറ്റ് പോലും നേടില്ല. സംസ്ഥാനത്ത് പരാതി പറയാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിലായിരുന്നു മുരളീധരൻ്റെ പ്രതികരണം.
മുട്ടടയിലെ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നിയമപരമായി നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുട്ടടയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയം. കോൺഗ്രസ് നിയമപരമായി നീങ്ങിത്തുടങ്ങി. പരേതർക്ക് വോട്ടുണ്ട്, ജീവിച്ചിരിക്കുന്നവർക്ക് വോട്ടില്ല. മരിച്ചവരെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാൽ പോലും സിപിഎം നിലം തൊടില്ല. മറ്റൊരു സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടി വന്നാൽ കോൺഗ്രസിൽ സ്ഥാനാർത്ഥികൾക്ക് പഞ്ഞമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.