വിവാഹനിശ്ചയം കഴിഞ്ഞ മുൻകാമുകിയെ ബലമായി ചുംബിക്കാൻ ശ്രമിച്ചു.. യുവാവ് ആശുപത്രിയിൽ


തന്നെ ലൈംഗികമായി അതിക്രമിക്കാനും ബലമായി ചുംബിക്കാനും ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചു മുറിച്ച് യുവതി . വിവാഹിതനായ 35-കാരനായ ചമ്പി എന്നയാളാണ് ഈ ദുരനുഭവത്തിന് ഇരയായത്. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം.

മുമ്പ് ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ അവർ ചമ്പിയിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി. ഇത് ചമ്പിയെ അസ്വസ്ഥനാക്കിയിരുന്നു. ഇയാൾ നിരന്തരം യുവതിയെ കാണാൻ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കുളക്കടവിലേക്ക് പോയ യുവതിയെ ചമ്പി പിന്തുടരുകയും അവിടെ വെച്ച് കയറിപ്പിടിച്ച് ഉപദ്രവിക്കുകയുമായിരുന്നു. യുവതി എതിർക്കുകയും ചെറുക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും ചമ്പി ബലപ്രയോഗം തുടർന്നു. ചുംബിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ശക്തിയായി കടിക്കുകയും ചമ്പിയുടെ നാവിന്റെ ഒരറ്റം മുറിച്ചെടുക്കുകയുമായിരുന്നു.

വേദന കൊണ്ട് അലറിവിളിച്ച ചമ്പിയുടെ വായിൽ നിന്ന് രക്തം വാർന്നൊഴുകി. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം വീട്ടുകാരെ അറിയിക്കുകയും, തുടർന്ന് ഇയാളെ ഉടൻ തന്നെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചമ്പിയെ വിദഗ്ധ ചികിത്സയ്ക്കായി കാൺപുരിലെ ആശുപത്രിയിലേക്ക് മാറ്റി.

യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടർ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

أحدث أقدم