
ആലപ്പുഴ: വീട്ടിലെ കുളിമുറിയില്‍ വഴുതിവീണ് വലതുകാലിന് പരുക്കേറ്റ് ചികില്‍സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ നാളെ ആശുപത്രി വിടും. സുധാകരന്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവച്ചത്. ആറാഴ്ച കാലിന് പരിപൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വിശ്രമം നന്നായി ആവശ്യമുള്ളതിനാല്‍ സന്ദര്‍ശനം പരമാവധി ഒഴിവാക്കണം എന്നും അദ്ദേഹം കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. തോമസ് ഐസക്, എംവി ഗോവിന്ദന്‍, സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
നവംബര്‍ 22നാണ് വീട്ടിലെ ശുചിമുറിയില്‍ വീണ് വലതു കണങ്കാലില്‍ ഒടിവുകളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം സാഗര ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്ക് പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓര്‍ത്തോ സര്‍ജന്‍ ഡോ. മാത്യു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ആറാഴ്ച പരിപൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
22ആം തീയതി വീട്ടിലെ കുളിമുറിയിൽ തെന്നി വീണ് വലതു കണങ്കാലിൽ ഒടിവുകൾ ഉണ്ടാവുകയും പരുമല ആശുപത്രിയിൽ ഓർത്തോ സർജൻ ഡോ. മാത്യു വർഗീസ് ശസ്ത്രക്രിയ നടത്തുകയും ചെയ്തുവല്ലോ. ആറാഴ്ച കാലിന് പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.
പാർട്ടി ജനറൽ സെക്രട്ടറി സഖാവ്. എം എ ബേബി, ബഹു. മുഖ്യമന്ത്രി സഖാവ്. പിണറായി വിജയൻ, സഖാവ്. എസ് രാമചന്ദ്രൻ പിള്ള, ശ്രീ വെള്ളാപ്പള്ളി നടേശൻ മുൻമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, മുൻ എം പി സ. ആരിഫ് തുടങ്ങി നിരവധി നേതാക്കൾ ഫോണിൽ വിളിച്ച് സംസാരിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ. തോമസ് ഐസക്, സഖാവ് സി എസ് സുജാത, മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി സഖാവ്. ആർ നാസർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സ. രാഘവൻ , സ. ഹരിശങ്കർ, എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, മാന്നാർ ഏരിയ സെക്രട്ടറി സ. പി ഡി ശശിധരൻ, സ. ശെൽവരാജൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. സനൽകുമാർ,. സിപിഐ നേതാവ് സ. താമരാക്കുളം രവീന്ദ്രൻ തുടങ്ങി നിരവധി നേതാക്കളും പാർട്ടി പ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ സന്ദർശിച്ചു. ഫോണിൽ വിളിച്ചു.
വിശ്രമം ആവശ്യമായതിനാൽ കർശ്ശന സന്ദർശന നിരോധനമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
എന്നാൽ സന്ദർശകരുടെ ആധിക്യം ആശുപത്രി അധികൃതർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലായി.
നാളെ ഡിസ്ചാർജ്ജ് ആകും. ആറാഴ്ച വിശ്രമം നന്നായി ആവശ്യമാണ് എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ആയതിനാൽ സന്ദർശനം പരമാവധി ഒഴിവാക്കണം എന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്.