പ്രസിഡൻഷ്യൽ റഫറൻസിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി.. ബില്ലുകൾക്ക് സമയപരിധി നിശ്ചയിക്കാനാകില്ല


        
രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജുഡീഷ്യൽ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകളിൽ അംഗീകാരം നൽകാൻ സമയപരിധി നിശ്ചയിച്ചുകൊണ്ട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചതിനെത്തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ പ്രസിഡൻഷ്യൽ റഫറൻസിലാണ് സുപ്രീം കോടതി നിയമ വ്യക്തത വരുത്തിയത്.

അംഗീകാരം നൽകാത്ത ബില്ലുകൾ അംഗീകരിക്കപ്പെട്ടതായി കണക്കാക്കുമെന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ബില്ലുകളിൽ രാഷ്ട്രപതിക്കും ഗവർണർക്കും തീരുമാനമെടുക്കുന്നതിൽ വിവേചനാധികാരമുണ്ട്. ഓരോ ബില്ലിന്മേലും രാഷ്ട്രപതി സുപ്രീംകോടതിയുടെ നിർദേശം തേടേണ്ടതില്ല. വ്യക്തമായ കാരണങ്ങളില്ലാതെ ഗവർണർമാർ അംഗീകാരം നൽകാതെ ബില്ലുകൾ പിടിച്ചുവെക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ബിൽ പാസ്സാകാതെ കോടതിക്ക് ഇടപെടാനാകില്ല. അംഗീകാരം ലഭിച്ച ബില്ലുകളിലാണ് ജുഡീഷ്യൽ റിവ്യൂ നടത്താനാകൂ. അതേസമയം ബില്ലുകളിൽ തീരുമാനമെടുക്കുമ്പോൾ ഗവർണർമാർ വിവേചനപൂർണമായി തീരുമാനമെടുക്കണം. അകാരണമായി ബില്ലുകൾക്ക് അംഗീകാരം നൽകാതെ പിടിച്ചുവെക്കുന്നത് ഫെഡറൽ സംവിധാനത്തിന് എതിരാണ്. അംഗീകാരം നൽകാത്ത ബില്ലുകൾ ഒന്നുകിൽ രാഷ്ട്രപതിക്ക് അയക്കാം. അല്ലെങ്കിൽ ഗവർണർമാർ ബില്ലുകൾ നിയമസഭയ്ക്ക് മടക്കി അയക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
أحدث أقدم