
കോഴിക്കോട് കോർപ്പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങിയ സംവിധായകൻ വിഎം വിനുവിന് ലഭിച്ച അതേ തിരിച്ചടി എൽഡിഎഫിനും. തിരുവനന്തപുരം കുറവൻകോണം ഡിവിഷനിലാണ് വിനുവിന് സമാനമായ അവസ്ഥ ഇടതുമുന്നണിക്കും നേരിട്ടത്. വോട്ടർ പട്ടികയിൽ പേരില്ലെന്ന് കണ്ടെത്തിയതോടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച അഡ്വ. കെ സി സൗമ്യയെ മാറ്റേണ്ടി വന്നു.
കുറവൻകോണം ഡിവിഷൻ ഇടതുമുന്നണി ഘടകകക്ഷിയായ ആർജെഡിക്കാണ് നൽകിയിരുന്നത്. വോട്ടർ പട്ടികയിൽ പേരില്ലാത്തത് ശ്രദ്ധയിൽപ്പെട്ട സൗമ്യ പരാതി നൽകിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്ന് സൗമ്യ മത്സരരംഗത്തു നിന്ന് പിന്മാറുകയായിരുന്നു. വാർഡ് കൺവെൻഷൻ നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പിന്മാറ്റം.
ആർജെഡി സ്ഥാനാർത്ഥി പിന്മാറിയ സാഹചര്യത്തിൽ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. പകരം സ്ഥാനാർത്ഥിയെ ഇന്നു തന്നെ പത്രിക സമർപ്പിച്ചേക്കും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി നാളെയാണ്. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വി എം വിനുവിനും മത്സരിക്കാൻ കഴിയില്ല.