അടിച്ച് ഫിറ്റായി ഡ്രൈവറും ക്ലീനറും, യാത്രക്കാർ ചോദ്യം ചെയ്തപ്പോൾ ബസ് ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണി….


കോഴിക്കോട് നിന്നും ബെംഗളുരുവിലേക്ക് സർവീസ് നടത്തുന്ന ഭാരതി ബസിലെ ഡ്രൈവർ ബസ് ഓടിച്ചത് മദ്യലഹരിയിൽ. ബസിലെ ക്ലീനറും മദ്യപിച്ച് ലക്കുകെട്ടായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബസിലെ യാത്രക്കാർ ഇത് ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ ഇവർക്ക് നേരെ ഭീഷണി മുഴക്കുകയും ചെയ്തു. എല്ലാവരെയും ബസിടിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ഡ്രൈവറുടെ ഭീഷണി. സംഭവത്തിന്റെ വീഡിയോ ദൃശ്യ ങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ ക്ലീനർ മദ്യലഹരിയിൽ ഡ്രൈവറുടെ ക്യാബിനിൽ കിടന്നുറങ്ങുന്നതും കാണാം.

മൈസൂരുവിൽ എത്തുന്നതിനു മുൻപാണ് ബസിന്റെ ഓട്ടത്തിൽ ചില അപാകതകൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് ഡ്രൈവറോട് ചോദിച്ചപ്പോഴാണ് യാത്രക്കാർക്കെതിരെ കയർത്ത ഡ്രൈവർ വാഹനം എവിടെയെങ്കിലും ഇടിപ്പിച്ച് ബസ് യാത്രക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. യാത്രക്കാർ ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ ക്യാബിനിലെയും ബസിനുള്ളിലെയും ലൈറ്റുകൾ ഡ്രൈവർ പൂർണമായും അണയ്ക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. മൈസൂരു ടോൾ പ്ലാസയ്ക്കു സമീപം വണ്ടി നിർത്തിയപ്പോൾ യാത്രക്കാർ വാഹനം ഓടിക്കേണ്ടെന്ന് പറയുകയായിരുന്നു. ഇതിനിടെ ക്യാബിനിൽ ഉണ്ടായിരുന്ന മദ്യക്കുപ്പിയുമായി ഡ്രൈവർ ബസിൽനിന്ന് ഇറങ്ങി ഓടിഎന്നും യാത്രക്കാർ പറഞ്ഞു.

പിന്നീട് ഏറെ വൈകിയാണ് യാത്ര വീണ്ടും പുനരാരംഭിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ഏറെ ചർച്ചകൾക്കിടയാക്കിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിലെയും ഇതേ ഡ്രൈവറെ തന്നെയാണ് ബസ് ഓടിക്കാൻ കമ്പനി ചുമതലപ്പെടുത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച ബസിൽ യാത്ര ചെയ്തവരിൽ ചിലർ ട്രാവൽസിന്റെ ഈ നടപടിക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

أحدث أقدم