കൊലക്കേസ് പ്രതിയെ സ്ഥാനാർത്ഥിയാക്കാൻ നേതാക്കളുടെ നീക്കം.. സിപിഎം സ്ഥാനാർത്ഥി നിർണയം വിവാദമാകുന്നു..


തിരുവനന്തപുരം ന​ഗരസഭയിലെ സിപിഎം സ്ഥാനാർത്ഥി നിർണയം വിവാദമാകുന്നു. വാഴോട്ടുകോണം വാർഡിൽ കൊലപാതകക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കാൻ ഒരുവിഭാ​ഗം നേതാക്കൾ നടത്തുന്ന നീക്കത്തിനെതിരെ സിപിഎമ്മിൽ തർക്കം രൂക്ഷമാകുകയാണ്. സർക്കാർ കാപ്പ ചുമത്തിയ ആളെ സ്ഥാനാർത്ഥിയാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചില ബ്രാഞ്ച് കമ്മിറ്റികളും പ്രവർത്തകരും ജില്ലാ കമ്മിറ്റിക്കും സംസ്ഥാന സെക്രട്ടറിക്കും ഔദ്യോഗികമായി പരാതി നൽകി.

വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെള്ളിയാഴ്ച വൈകിട്ട് ചേർന്ന സ്ഥാനാർത്ഥി നിർണയ യോഗം വാദപ്രതിവാദങ്ങൾക്ക് വേദിയായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ സി. അജയകുമാർ, സി. സത്യൻ, ജില്ലാ കമ്മിറ്റിയംഗം രാജലാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കൊലക്കേസ് പ്രതിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രവർത്തകർ ശക്തമായി എതിർപ്പ് രേഖപ്പെടുത്തി. അഞ്ചുലക്ഷം രൂപ വരെ കൈക്കൂലി നൽകി സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഉന്നയിച്ചു.

ഇയാൾ അനധികൃത മണ്ണുകടത്ത് നടത്തി വരുന്നുവെന്നും വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്കിൽനിന്ന് എടുത്ത 50 ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാതെയാണ് ബാങ്കിനെ വഞ്ചിച്ചതെന്നും യോഗത്തിൽ ആക്ഷേപങ്ങൾ ഉയർന്നു. വിഷയത്തിൽ അഭിപ്രായങ്ങൾ പറയുന്നവരോട് ഒരു ജില്ലാ കമ്മിറ്റിയംഗം കടുത്ത ഭാഷയിൽ പ്രതികരിച്ചതോടെ അന്തരീക്ഷം കൂടുതൽ സംഘർഷഭരിതമാകുകയായിരുന്നു

أحدث أقدم