
ശവസംസ്കാര ചടങ്ങുകൾ ആരംഭിക്കാൻ പോകുന്നതിന് മുൻപ് 65 വയസ്സുള്ള തായ് സ്ത്രീയെ ശവപ്പെട്ടിയിൽ ജീവനോടെ കണ്ടെത്തി. ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്തുള്ള നോന്തബുരിയിലെ ക്ഷേത്രത്തിലാണ് സംഭവം. സമൂഹ സേവനങ്ങളുടെ ഭാഗമായി ശവസംസ്കാരങ്ങൾ നടത്തുന്ന വാട്ട് റാറ്റ് പ്രകോങ്താമിലെ ക്ഷേത്ര ജീവനക്കാർ ഞായറാഴ്ച മൃതദേഹം ഒരുക്കുന്നതിനിടെയാണ് സ്ത്രീയുടെ ചലനം ശ്രദ്ധിച്ചത്. കണ്ണ് തുറന്ന് കൈ വിരലുകൾ അനക്കുന്ന സ്ത്രീയെയാണ് ജീവനക്കാർ കണ്ടെത്തിയത്.
തൊഴിലാളികൾ ശവപ്പെട്ടി തുറന്നപ്പോൾ സ്ത്രീ ശ്വസിക്കുന്നതും മരത്തിന്റെ ഉൾഭാഗത്ത് ലഘുവായി മുട്ടുന്നതും കണ്ടു. മഠാധിപതി ഉടൻ തന്നെ നടപടിക്രമങ്ങൾ നിർത്തിവെച്ച് അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഉത്തരവിട്ടു. ഏകദേശം രണ്ട് വർഷമായി കിടപ്പിലായിരുന്നു ചോന്തിറോട്ട് എന്ന സ്ത്രീ. രണ്ട് ദിവസമായി ഒരു പ്രതികരണവും ചോന്തിറോട്ടില്‍ നിന്നും ഉണ്ടായിരുന്നില്ല.
പിന്നാലെ ഇവർ ശ്വാസോച്ഛ്വാസം എടുക്കുന്നില്ലെന്നും ബന്ധുക്കൾ കണ്ടെത്തി. ഇതേ തുടർന്ന് ഇവർ മരിച്ചെന്ന് കരുതിയാണ് ബന്ധുക്കൾ സംസ്കാര ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അവരുടെ ഇളയ സഹോദരൻ ഒരു വെള്ള ശവപ്പെട്ടിയിൽ ബാങ്കോക്കിനടുത്തുള്ള വാട്ട് രാറ്റ് പ്രഖോങ് താം ക്ഷേത്രത്തിലേക്ക് മൃതദേഹം എത്തിച്ചു. ശവപ്പെട്ടിയുമായി ഏകദേശം 362 കിലോമീറ്ററോളം സഞ്ചരിച്ചാണ് സൗജന്യമായി ദഹിപ്പിക്കാനുള്ള സൗകര്യം നൽകുന്ന ക്ഷേത്രത്തിലേക്ക് ഇവർ എത്തിയത്.
ക്ഷേത്രം മാനേജർ പൈരത് സൂഡ്‌തൂപ് സംഭവം എല്ലാവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്ന് വിശദീകരിച്ചു. കുടുംബം ആദ്യം അവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ബാങ്കോക്കിലെ ആശുപത്രി മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു.
സ്ത്രീ മരിച്ചിട്ടില്ലെന്ന് വ്യക്തമായ ഉടൻ ക്ഷേത്ര അധികൃതർ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായ ഹൈപ്പോഗ്ലൈസീമിയ അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം കുറഞ്ഞ അവസ്ഥയാണ് അവർക്ക് ഉണ്ടായതെന്നും അതുകൊണ്ടാകാം ജീവനില്ലാത്തത് പോലെ തോന്നിയതെന്നുമാണ് ഡോക്ടർമാരുടെ വിശദീകരണം. എന്തായാലും ഈ സംഭവം അന്തിമ കർമ്മങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയുടെ പ്രാധാന്യം എത്ര നിർണായകമാണെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയായി.
മരണവാർത്ത ആദ്യം സ്ഥിരീകരിച്ചതു മുതൽ ആശുപത്രി പരിശോധന വരെയുള്ള സംഭവങ്ങളുടെ ക്രമം ആശുപത്രികളും പോലീസും ക്ഷേത്ര അധികൃതരും സ്ഥിരീകരിച്ചു. ശ്രീമതി ചൊന്തിരാത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലന്നാണ് അറിയാൻ കഴിഞ്ഞത്. ക്ഷേത്ര ജീവനക്കാർ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അധികാരികൾ അത് പരിശോധിക്കുകയും ചെയ്തിരുന്നു