അപ്രതീക്ഷിത നീക്കം.. തൃക്കാക്കരയിൽ സിപിഐഎം യുവ നേതാവ് കോൺഗ്രസ് സ്ഥാനാർത്ഥി


തൃക്കാക്കര നഗരസഭയിൽ സിപിഐഎം യുവ നേതാവ് കോൺഗ്രസ് സ്ഥാനാർത്ഥി. നഗരസഭയിലെ 15ാം ഡിവിഷനായ പാലച്ചുവട് വാർഡിലാണ് എസ്എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗവുമായ എം എസ് ശരത് കുമാറിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ നൗഷാദ് പല്ലച്ചി സിറ്റിങ് വാർഡിൽനിന്ന് പിന്മാറിയിരുന്നു. പാലച്ചുവട് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നൗഷാദ് പല്ലച്ചിയെയാണ് പരിഗണിച്ചിരുന്നത്. നഗരസഭയിൽ തുടർഭരണം കിട്ടിയാൽ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ആൾകൂടിയാണ് നൗഷാദ് പല്ലച്ചി. എന്നാൽ ഇതിനിടെയാണ് ഇദ്ദേഹം അപ്രതീക്ഷിതമായി പിന്മാറിയതും സിപിഐഎം നേതാവ് പകരക്കാരനായതും.

എം എസ് ശരത് കുമാറിനെ സിപിഐഎം പാലച്ചുവട് വാർഡിൽ സ്ഥാനാർത്ഥിയാക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ആശവർക്കറായ മുംതാസ് ഷെരീഫിനെ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് കോൺഗ്രസ് അപ്രതീക്ഷിതമായ നീക്കം നടത്തിയത്. എം സി അജയകുമാറാണ് ബിജെപി സ്ഥാനാർത്ഥി.

Previous Post Next Post