
ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ കൂട്ടി. കേരളത്തിൽ റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകി. തിരുവനന്തപുരം റയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുമുൾപ്പെടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പരിശോധന നടക്കുകയാണ്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തുന്നത്.റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലുമാണ് പരിശോധന നടത്തുന്നത്. കേരളത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പൊലീസിന് നിർദ്ദേശം നൽകി. ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണമെന്നും നിർദ്ദേശം നൽകി.
അതേസമയം രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി വിവരം. എന്നാൽ ആരാണ് കസ്റ്റഡിയിലുള്ളതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. ദില്ലിയിൽ നടന്നത് ഭീകരാക്രമണമാണെന്ന നിഗമനത്തിലാണ് സർക്കാർ വൃത്തങ്ങൾ. സ്ഫോടനത്തിൽ 9 പേരാണ് മരിച്ചത്. ഇതിൽ അഞ്ചുപേരും പുരുഷൻമാരാണെന്നാണ് റിപ്പോർട്ട്