നടൻ അല്ലു അർജുൻ 11ാം പ്രതി, ‘പുഷ്പ 2’ തിയേറ്റര്‍ ദുരന്തത്തില്‍ കുറ്റപത്രം സമർപ്പിച്ച് പോലീസ്

 

        

തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ചിത്രം പുഷ്പ 2വിന്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും,  തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ പോലീസ്  കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ 11ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പോലീസ്  നമ്പള്ളി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഒമ്പത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അപകടമുണ്ടായ സന്ധ്യ തിയേറ്റർ മാനേജ്‌മെന്റാണ് പ്രധാന പ്രതി. ആകെ 23 പേരെ പ്രതിചേർത്താണ് കുറ്റപത്രം.

കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് പോലീസ്  കുറ്റപത്രം സമർപ്പിക്കുന്നത്. 2024 ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂൾ എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോക്കിടെയാണ് അപകടമുണ്ടായത്. ചിക്കടപ്പള്ളിയിലെ സന്ധ്യ തിയേറ്ററിൽ അല്ലു അർജുൻ എത്തിയെന്നറിഞ്ഞ് രാത്രി 11  മണിയോടെ ജനം തടിച്ചുകൂടുകയായിരുന്നു. ഗേറ്റ് തകർത്ത് അകത്ത് കയറിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 35 വയസുകാരിയായ ദിൽകുഷ് നഗർ സ്വദേശിനി എം രേവതി മരിക്കുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകൻ ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. 

അല്ലു അർജുന്റെ കടുത്ത ആരാധകനായ മകന്റെ ആഗ്രഹപ്രകാരമായിരുന്നു രേവതിയും കുടുംബവും സിനിമ കാണാൻ എത്തിയത്. തിയറ്ററിൽ അല്ലു അർജുൻ എത്തിയതോടെ താരത്തെ കാണാൻ തിക്കും തിരക്കുമായി. കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഡിസംബർ 13ന് അല്ലുവിനെ വീട്ടിലെത്തി പോലീസ്  അറസ്റ്റ് ചെയ്യുകയും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ ഓക്‌സിജൻ നില കുറഞ്ഞ് അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടി നാല് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം 2025 ഏപ്രിലിലാണ് ഡിസ്ചാർജ് ആയത്. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട ചികിത്സ തുടരുകയാണ് ശ്രീതേജ്.

أحدث أقدم