
കഴിഞ്ഞ കുറച്ച് വർഷമായി മലയാള സിനിമയ്ക്ക് ഒരുപിടി മികച്ചതും വ്യത്യസ്തതയാർന്നതുമായ സിനിമകൾ സമ്മാനിച്ച താരമാണ് മമ്മൂട്ടി. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കളങ്കാവൽ. ക്യാരക്ടർ റോളുകളിൽ നിന്നും മാറിയൊരു സിനിമയിലേക്കാണ് പുതുവർഷത്തിൽ മമ്മൂട്ടി കടക്കുന്നത്. മമ്മൂട്ടി -ഖാലിദ് റഹ്‌മാൻ- ക്യൂബ്സ് എന്റർടെയ്ൻമെന്റ് ടീമിന്റെ സിനിമയാണിത്. ആക്ഷന് പ്രധാന്യമുള്ള പടമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. 2025 അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ക്യൂബ്സ് എന്റർടെയ്ൻമെന്റ് പങ്കുവച്ച പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ക്യാപ്റ്റൽ ലെറ്ററിലെ ‘m’നൊപ്പം അറിയാലോ മമ്മൂട്ടിയാണ് എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം പുതുവത്സര ആശംസകളും അറിയിച്ചിട്ടുണ്ട്. ഈ പോസ്റ്റർ സോഷ്യലിടത്ത് വൈറലായി കഴിഞ്ഞു. 2026 മമ്മൂക്കയുടേതാണെന്നാണ് പലരും കമന്റുകളായി കുറിക്കുന്നത്. ഒപ്പം സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആവേശവും ആരാധകർ പങ്കിടുന്നുണ്ട്. “കഴിഞ്ഞിട്ടില്ല രാമ കളികൾ തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ, എജാതി കത്തിക്കൽ ഐറ്റം, ഇനി കണ്ടോ..അടിയുടെ ഇടിയുടെ വെടിയുടെ പൊടിപൂരം, ഇതൊരു ഒന്നൊന്നര പൊളി പൊളിക്കും”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.