രാജ്യത്ത് ഇ-വാഹന ചാർജിങ് കേന്ദ്രങ്ങൾ വ്യാപകമാക്കാനുള്ള പിഎം ഇ-ഡ്രൈവ് പദ്ധതിയിൽ കേരളത്തിൽ 340 സ്ഥലങ്ങൾ കണ്ടെത്തി കെഎസ്ഇബി. സർക്കാർ വകുപ്പുകളും കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുമാണ് ചാർജിങ് സ്റ്റേഷനുകൾക്ക് സ്ഥലം നൽകാൻ തയ്യാറായത്. ബിഎസ്എൻഎൽ മാത്രം 91 സ്ഥലങ്ങളിൽ ചാർജിങ് കേന്ദ്രം സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ചു. കെഎസ്ആർടിസിയും ഐഎസ്ആർഒയും സ്ഥലം വിട്ടുനൽകും.

പിഎം ഇ-ഡ്രൈവിൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി 2000 കോടിയാണ് കേന്ദ്രം സബ്‌സിഡിയായി നൽകുന്നത്. കേരളത്തിന്റെ പ്രൊപ്പോസൽ അംഗീകരിച്ചാൽ 300 കോടി രൂപവരെ സബ്‌സിഡി കിട്ടാം. കേന്ദ്ര സംസ്ഥാനവകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വളപ്പിൽ ഇ-ചാർജിങ്ങ് സ്റ്റേഷൻ സ്ഥാപിക്കാൻ ലൈൻ, ട്രാൻസ്‌ഫോർമർ തുടങ്ങിയ അടിസ്ഥാനസൗകര്യത്തിനും ചാർജിങ്ങ് ഉപകരണങ്ങൾക്കും പൂർണ സബ്‌സിഡി ലഭിക്കും.