
ആഴമേറിയ കിണറ്റിൽ വീണ ഭിന്നശേഷിക്കാരിയായ മകളെ സ്വന്തം ജീവൻ പണയപ്പെടുത്തിയും സാഹസികമായും രക്ഷപ്പെടുത്തി ഒരമ്മ. തമിഴ്‌നാട്ടിലെ നമ്പിയൂരിനടുത്തുള്ള അയ്യങ്കാട്ടുത്തോട്ടത്തിലാണ് നാടിനെ മുൾമുനയിൽ നിർത്തിയ ഈ സംഭവം നടന്നത്. ഊഞ്ചപ്പാളയം സ്വദേശിനിയായ മുത്തുമണി (55) ആണ് തന്റെ മകൾ ദിവ്യയെ (27) മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. ദിവ്യ കിണറ്റിലേക്ക് ചാടുന്നത് കണ്ട മുത്തുമണി മറ്റൊന്നും ആലോചിക്കാതെ ഉടൻതന്നെ കിണറ്റിലേക്ക് പിന്നാലെ ചാടുകയായിരുന്നു. വെള്ളം നിറഞ്ഞ കിണറ്റിൽ മുങ്ങിത്താഴ്ന്ന മകളെ സാഹസികമായി പിടിച്ചുയർത്തിയ ഇവർ, കിണറ്റിലുണ്ടായിരുന്ന ഒരു കയറിൽ മുറുകെപ്പിടിച്ച് സഹായത്തിനായി നിലവിളിച്ചു.
സ്ത്രീയുടെ നിലവിളി കേട്ട് അയൽക്കാർ ഉടൻ ഓടിയെത്തി. തുടർന്ന് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയും ഇവരെത്തി രണ്ടുപേരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. അവശരായ രണ്ടുപേരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളെ രക്ഷിച്ച മുത്തുമണിയെ നാട്ടുകാർ അഭിനന്ദിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.