
ഭാര്യയേയും ഭാര്യയുടെ മുൻ ബന്ധത്തിലെ മകളേയും ഭാര്യയുടെ മുത്തച്ഛൻ, മത്തശ്ശി എന്നിവരേയും വെട്ടിക്കൊന്ന കേസിൽ യുവാവിനു വധശിക്ഷ. കുടക് ജില്ലയിലെ പൊന്നംപേട്ടയിലാണ് സംഭവം. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് (38) വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് നടരാജ് വധശിക്ഷ വിധിച്ചത്. കൊലപാതകം നടന്നു എട്ടര മാസത്തിനകം അതിവേഗം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് 27 വൈകിട്ടാണ് കൂട്ടക്കൊല അരങ്ങേറിയത്. ഭാര്യ നാഗി (30), നാഗിയുടെ 5 വയസുള്ള മകൾ കാവേരി, നാഗിയുടെ അമ്മ ജയയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെ ഗിരീഷ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട നാഗിയുടെ രണ്ടാമത്തെ ഭർത്താവായ ഗിരീഷ് ഒരു വർഷത്തോളമായി അവർക്കൊപ്പം താമസിച്ചുവരികയായിരുന്നു.
കുടക് പൊന്നംപേട്ട് താലൂക്കിലെ ബെഗുരു ബലങ്കാട് ഗ്രാമത്തിലെ ഗോത്രവർഗ കോളനിയിൽ താമസിച്ചു വന്ന കുടുംബത്തിലെ നാല് പേരെയാണ് ഗിരീഷ് വെട്ടിക്കൊന്നത്. കൊലപാതക വിവരം തൊട്ടടുത്ത ദിവസമാണ് പുറംലോകം അറിഞ്ഞത്. ഉച്ചയായിട്ടും നാഗിയെയും ഗിരീഷിനെയും ജോലിക്ക് കാണാത്തതിനാൽ തൊഴിലാളികളെയും കൂട്ടി തിരഞ്ഞെത്തിയ തോട്ടം ഉടമയാണ് നാഗിയുടെ വീട്ടിൽ നാല് പേരുടെയും മൃതദേഹം കണ്ടെത്തിയത്.