പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തം വഹിച്ചിരുന്ന മന്ത്രി എന്ന നിലയിലാണ് ചോദ്യം ചെയ്തതെന്ന് അന്വേഷണസംഘവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.എസ്ഐടി ഓഫീസിന് പുറത്തുവച്ചായിരുന്നു എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ. രണ്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ, മുൻ ദേവസ്വം മന്ത്രി എന്ന നിലയിൽ ചോദ്യങ്ങൾ ഉയർന്നുവെന്നും അറിയാവുന്ന കാര്യങ്ങൾ എല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തതാണ് വിവരം.
ഇതിനിടെ, അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് കൂടുതൽ കുരുക്കുണ്ടാക്കുന്ന തരത്തിലുള്ള മൊഴിയാണ് അന്നത്തെ ദേവസ്വം ബോർഡ് അംഗമായ എൻ. വിജയകുമാർ നൽകിയത്. താൻ നിരപരാധിയാണെന്നും, എല്ലാം ‘സഖാവ് പറഞ്ഞിട്ടാണ്’ ചെയ്തതെന്നും വിജയകുമാർ എസ്ഐടിയോട് പറഞ്ഞു.സ്വർണപ്പാളി മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ബോർഡിൽ അവതരിപ്പിച്ചത് പത്മകുമാറാണെന്നും, പ്രധാന തീരുമാനങ്ങളെല്ലാം പ്രസിഡന്റ് നിർദേശിച്ച പ്രകാരമായിരുന്നുവെന്നും വിജയകുമാർ മൊഴിയിൽ പറഞ്ഞു. രേഖകൾ വായിക്കാതെ ഒപ്പിട്ടതായും പ്രശ്നമുണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നും വിജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്. മാനസിക സമ്മർദം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യാൻ വരെ തോന്നിയെന്നും, ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്നാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നും മൊഴിയിലുണ്ട്.