
മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിൽ ആൺ സുഹൃത്ത് അലൻ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത അലൻറെ അറസ്റ്റ് ഇന്ന് വൈകിട്ടോടെയാണ് കാലടി പൊലീസ് രേഖപ്പെടുത്തിയത്. സംശയത്തെ തുടർന്ന് പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ചിത്രപ്രിയയുടെ മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ശനിയാഴ്ച മുതൽ കാണാതായ പെൺകുട്ടിയെ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിൻറെ മകളായ 19കാരിയായ ചിത്രപ്രിയ ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബെംഗളൂരുവിൽ നിന്ന് മലയാറ്റൂലെത്തിയത്. എന്നാൽ, ശനിയാഴ്ച വൈകിട്ട് മുതൽ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ, പിന്നീട് തിരിച്ചെത്തിയില്ല. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല
മകളെ കാണാതായതോടെ വീട്ടുകാർ കാലടി പൊലീസിന് പരാതി നൽകി. കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് ചിത്രപ്രിയയുടെ ആൺ സുഹൃത്ത് അലനെ വിളിപ്പിച്ചു മൊഴി എടുത്തത്. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂർ നക്ഷത്ര തടാകത്തിനരികിൽ ഒഴിഞ്ഞ പറമ്പിൽ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് ആഴത്തിൽ അടിയേറ്റതായി പൊലീസിൻറെ മൃതദേഹ പരിശോധനയിൽ തന്നെ വ്യക്തമായി. ശരീരത്തിൽ മുറിപാടുകളും കണ്ടെത്തിയത്തോടെതന്നെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ കൊലപാതകമെന്ന നിലയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചിത്രപ്രിയയും ആൺസുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച ചിത്രപ്രിയയുടെ ആൺ സുഹൃത്ത് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു.