അങ്കമാലിയിൽ നിന്നാണ് തിരുവനന്തപുരത്തു നിന്ന് തൃശൂരിലേയ്ക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്‌റ്റ് ബസിലാണ് പെൺകുട്ടികൾ കയറിയത്. 2 പേർക്കുമായി 64 രൂപ ഇവർ ടിക്കറ്റ് ചാർജ് നൽകിയിരുന്നു. വിദ്യാർഥിനികളായതിനാൽ മാനുഷിക പരിഗണന കാണിക്കണമെന്നും പൊങ്ങത്തു ബസ് നിർത്തി നൽകണമെന്നും മറ്റ് യാത്രക്കാർ ബസ് കണ്ടക്ടറോടും ഡ്രൈവറോടും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ യാത്രക്കാർ കൊരട്ടി പൊലീസിൽ വിവരം അറിയിച്ചു.
ഇതിനിടെ മുരിങ്ങൂർ എത്തിയപ്പോൾ ബസ് നിർത്തി നൽകാമെന്നു കണ്ടക്ടർ അറിയിച്ചെങ്കിലും ഇവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്നു കുട്ടികൾ അറിയിച്ചു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലാണ് ഇറക്കിയത്. രാത്രിയാത്രക്കാരായ വിദ്യാർഥിനികളോടു മാനുഷിക പരിഗണന കാണിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു. പരിഭ്രാന്തരായ കുട്ടികളെ യാത്രക്കാർ ആശ്വസിപ്പിച്ചു. വിവരമറിഞ്ഞ് ചാലക്കുടി എസ്എച്ച്‌ഒ എം.കെ. സജീവിന്റെ നേതൃത്വത്തിൽ പൊലീസ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി. ഇവരെ പൊങ്ങത്ത് എത്തിക്കാൻ പൊലീസ് സന്നദ്ധരായെങ്കിലും കോളജ് അധികൃതർ വരുമെന്ന് അറിയിച്ചതോടെ അവരുടെ കൂടെ വിട്ടയയ്ക്കുകയായിരുന്നു. വിദ്യാർഥിനികൾ സ്‌റ്റേഷൻ മാസ്‌റ്റർക്കു പരാതി നൽകി.