മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളിൽ എത്തിയപ്പോളാണ് വണ്ടിയിൽ നിന്ന് പുക വരുന്നത് കണ്ടത്. തുടർന്ന് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. കാർ പൂർണ്ണമായും കത്തി നശിച്ചു.

ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് അപകടം ഉണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു. ചാവക്കാട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

മറ്റൊരു സംഭവത്തിൽ ഇന്നലെ പാർക്കിങിൽ നിർത്തിയിട്ടിരുന്ന ടാറ്റാ നാനോ കാറിന് തീപിടിച്ചു. കോഴിക്കോട് മുക്കത്ത് കെഎംസിടി മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രിയിലെ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും അ​ഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ആളപായമില്ല. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തീകത്തുന്നത് ആശുപത്രി ജീവനക്കാരാണ് ആദ്യംകണ്ടത്. ഉടൻതന്നെ അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നാനോ കാറിന് സമീപത്തുണ്ടായിരുന്ന സ്വിഫ്റ്റ് കാറിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.