അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ നേട്ടം കൊയ്ത ജില്ലയാണ് കോട്ടയം. പക്ഷേ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തേക്ക് സമവായത്തിലെത്താൻ നേതൃത്വത്തിന് കഴിയുന്നില്ല. പഞ്ചായത്തുകളിലും നഗരസഭകളിലും അധ്യക്ഷ സ്ഥാനം മോഹിക്കുന്നവർ ഒന്നിലധികമുണ്ട്. പലയിടത്തും മുതിർന്ന നേതാക്കൾ മുതൽ യുവാക്കൾ വരെ. കെപിസിസി സർക്കുലർ പാലിച്ച് എല്ലാവരെയും തൃപ്തിപ്പെടുത്തി പോകാനാണ് കോൺഗ്രസ് തീരുമാനം. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട് ജില്ലാ പഞ്ചായത്തിലും കോട്ടയം നഗരസഭയിലും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജനറൽ ആണ്. വാഗത്താനത്ത് നിന്ന് ജയിച്ച കെപിസിസി ജനറൽ സെക്രട്ടി ജോഷി ഫിലിപ്പ് ആണ് പട്ടികയിൽ ആദ്യ പേരുകാരൻ. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കൂടിയായ ജോഷി ഫിലിപ്പിന് വേണ്ടി ഒരു വിഭാഗം സമ്മർദ്ദം ചെലുത്തുന്നുണ്ട്. സിപിഎം കേന്ദ്രമായ കുമരകത്ത് അട്ടിമറി വിജയം നേടിയ പി കെ വൈശാഖിനെ പ്രസിഡന്‍റ് ആക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.