ഫാൻസിന്റെ കരുത്ത് വോട്ടാക്കാൻ വിജയ്, കേരളത്തില്‍ സജീവമാകാന്‍ ടിവികെ യോഗം ചേര്‍ന്നു


തമിഴ്നാടിന് പുറമെ കേരളത്തിലും പ്രവർത്തനം വ്യാപിപ്പിക്കാൻ നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴ്നാട് വെട്രി കഴകം (ടിവികെ). അടുത്ത മാസം കേരളത്തിലെ സംസ്ഥാന ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാൻ നീക്കം നടക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ടിവികെയുടെ കേരള ഘടനം പ്രഖ്യാപനത്തിനും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമായി വിജയ് ആരാധക കൂട്ടായ്മയുടെ 14 ജില്ലകളിലെയും നേതാക്കൾ ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നു. ടിവികെ സംഘടിപ്പിക്കുന്ന സമത്വ ക്രിസ്മസ് ആഘോഷം ഇന്ന് മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടക്കും. കഴിഞ്ഞ ദിവസം ബിഹാറിലെ ഹം പാർട്ടിയും കേരളത്തിൽ ഘടനം രൂപീകരിക്കുമെന്ന് അറിയിച്ചിരുന്നു. 

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട് രാഷ്ട്രീയത്തിൽ മുന്നണി സമവാക്യങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടാൻ തുടങ്ങിയതോടെ കരുതലോടെ നീങ്ങുകയാണ് ഡിഎംകെയും നായകൻ എംകെ സ്റ്റാലിനും. വിജയ് ടിവികെയെ നയിച്ചുകൊണ്ട് രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കിയതോടെ ഡിഎംകെയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ വിള്ളൽ വീഴുമെന്ന ആശങ്ക ഭരണകക്ഷിയിൽ സജീവമാണ്. ഇതോടെ പതിവായി ചെന്നൈയിൽ നടക്കുന്ന ഡിഎംകെയുടെ ക്രിസ്‌മസ് ആഘോഷങ്ങൾ ക്രിസ്ത്യൻ ജനസംഖ്യ കൂടുതലുള്ള തിരുനെൽവേലിയിലേക്ക് മാറ്റി. വിജയ് ക്രിസ്ത്യാനിയായതിനാൽ ക്രിസ്ത്യൻ-മുസ്ലിം വോട്ടുകൾ ടിവികെയിലേക്ക് നീങ്ങാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം. തിരുനെൽവേലിയിലെ ക്രിസ്‌മസ് ആഘോഷങ്ങളിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുത്തു.

أحدث أقدم