ബലാത്സംഗ കേസ്: രാഹുലിന് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്





തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. അപേക്ഷയിലെ തുടര്‍വാദത്തിന് ശേഷമായിരിക്കും വിധി.

 ഇന്നലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ അനുമതിചോദിച്ചത് കോടതി അനുവദിച്ചു. രാഹുലിനെതിരെ ഇന്ന് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും. 

ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നത്. ബലാത്സംഗം ചെയ്യുകയോ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. എന്നാല്‍ രാഹുല്‍ യുവതിയെ ബലാത്സംഗം ചെയ്തതിനും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചതിനും തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. രാഹുലിനെതിരെ പരാതി നല്‍കിയ 23 വയസുകാരിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം വൈകാതെ യുവതിയെ കാണും. 

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടര്‍നടപടിയുമായി അന്വേഷണസംഘം മുന്നോട്ടുപോകുക. യുവതി കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. അതിനിടെരാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാഹുലിന്റെ ജാമ്യാപേക്ഷ അടുത്ത ദിവസമാണ് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കുക.

أحدث أقدم