യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും






കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുരത്തില്‍ ഇന്ന് വാഹന ഗതാഗതം നിയന്ത്രിക്കും. രാവിലെ എട്ടുമണി മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് അറിയിപ്പ്. എട്ടുമണി മുതല്‍ ഇടവിട്ട സമയങ്ങളില്‍ ചുരത്തിലെ ഗതാഗതം തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്.

ഗതാഗതനിയന്ത്രണത്തില്‍ നിന്ന് പൊതുഗതാഗതം ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. ഇതിനാല്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, പരീക്ഷകള്‍ തുടങ്ങി അത്യാവശ്യ യാത്രചെയ്യുന്നവര്‍ ഗതാഗത തടസ്സം മുന്‍കൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കണമെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു.

താമരശ്ശേരി ചുരത്തിലെ 6,7,8 വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായാണ് മരങ്ങള്‍ മുറിച്ചത്. എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങളാണ് ഇന്ന് ലോറിയില്‍ കയറ്റുന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പൊതുഗതാഗതം ഒഴികെയുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് പോകേണ്ടത്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പനമരം നാലാം മൈല്‍ കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവ പച്ചിലക്കാട് പനമരം നാലാം മൈല്‍ വഴിയും കല്‍പ്പറ്റ ഭാഗത്തു നിന്നുള്ളവര്‍ പനമരം നാലാം മൈല്‍ വഴിയും വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവര്‍ പടിഞ്ഞാറത്തറ വെള്ളമുണ്ട വഴിയും പോകേണ്ടതാണ്.

വടുവന്‍ചാല്‍ ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ നാടുകാണി ചുരം വഴി യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണം. വെള്ളിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. പോലീസ് നടപ്പാക്കുന്ന ഗതാഗത നിയന്ത്രണ നടപടികളോട് യാത്രക്കാര്‍ സഹകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു.


أحدث أقدم