സ്‌കൂൾ വിട്ട് വന്ന കുട്ടികൾക്ക് മുന്നിൽ മുഖംമൂടി ധരിച്ച് ചാടിവീണു, ഭയപ്പെടുത്തിയ ശേഷം..

        

യു.കെ.ജി വിദ്യാർഥിനിയുടെ സ്വർണാഭരണം കവർന്ന കേസിലെ പ്രതിയെ തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും ദിവസങ്ങൾക്കകം പിടികൂടി കൊണ്ടോട്ടി പൊലീസ്. അരിമ്പ്ര പുതനപ്പറമ്പ് പള്ളിയാളി സൈതലവിയുടെ മകളുടെ കൈത്തണ്ടയിൽ നിന്ന് അര പവൻ വള മോഷ്ടിച്ച കേസിൽ അരിമ്പ്ര പുതന പ്പറമ്പ് തോരക്കാട്ട് ഉമ്മറാണ് (36) അറസ്റ്റിലായത്. പ്രതി വിറ്റ സ്വർണവളയും കണ്ടെടുത്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് പുതനപ്പറമ്പിലായിരുന്നു സംഭവം. സ്‌കൂൾ ബസിൽ പതിവായി പോകുന്ന കുട്ടികളുടെ സ്വർണാഭരണങ്ങൾ പ്രതി നേരത്തെ നോട്ടമിട്ടിരുന്നു.

സംഭവ ദിവസം സ്‌കൂളിൽ നിന്നിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികളെ വഴിയ്ക്ക് കുറുകെയുള്ള വാഴത്തോട്ടത്തിലൂടെ മുഖം മറച്ചെത്തിയ പ്രതി ഭയപ്പെടുത്തി. ഒരു കുട്ടിയുടെ കൈയിൽ നിന്ന് സ്വർണ വള ബലമായി ഊരിയെടുക്കുകയായിരുന്നു. കറുത്ത ഷർട്ടും പാന്റും ധരിച്ച് മുഖം തുണി കൊണ്ട് മറച്ചയാളാണ് വള തട്ടിയെടുത്തതെന്ന് കുട്ടികൾ പറഞ്ഞിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത കൊണ്ടോട്ടി പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കറുത്ത വസ്ത്രം ധരിച്ചയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ വെള്ള ഷർട്ട് ധരിച്ചൊരാൾ കുട്ടികൾ ഇറങ്ങിയ ബസ് സ്റ്റോപ്പി ന് മുന്നിലൂടെ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.

കുട്ടികളുടെ മുന്നിലേക്ക് പ്രതി എടുത്ത് ചാടുന്ന അവ്യക്ത ദൃശ്യങ്ങൾ ആവർത്തിച്ച് പരിശോധിച്ചതിൽ ധരിച്ചിരുന്ന വസ്ത്രത്തിനടിയിൽ വെള്ള നിറത്തിലുള്ള ഭാഗം കണ്ടതാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് തുമ്പായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആളെ തിരിച്ചറിഞ്ഞു. ഇയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു
أحدث أقدم