തദ്ദേശ തിരഞ്ഞെടുപ്പിൽ തീ പാറുന്ന പ്രചാരണം നടത്തിയ അമ്മായിയമ്മയും മരുമകളും ജനശ്രദ്ധ നേടിയിരുന്നു. പള്ളിക്കൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ അമ്മായിയമ്മയും മരുമകളുമാണ് നേർക്കുനേർ മത്സരിച്ചത്. ഈ വാർത്ത കൗതകത്തോടെ നമ്മൾ അറിഞ്ഞതുമാണ്. ആ വാർഡ് ശ്രദ്ധിക്കപ്പെടാൻ കാരണം തന്നെ ഇരുവരുമായിരുന്നു.
ഒരേ കുടുംബത്തിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികൾ ഒരേ വാർഡിൽ ജനവിധി തേടുന്നതിൻറെ കൗതുകത്തിലായിരുന്നു വോട്ടർമാരും. പള്ളിക്കൽ പഞ്ചായത്തിലെ 11ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് 76കാരിയ കുഞ്ഞുമോൾ കൊച്ചുപാപ്പി മത്സരിച്ചത്. ഇതേ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കുഞ്ഞുമോളുടെ മകൻറെ ഭാര്യ ജാസ്മിൻ എബിയും മത്സരിച്ചു.
വോട്ടുതേടി മരുമകൾ യുഡിഎഫ് പ്രവർത്തകർക്കൊപ്പം വീടുവീടാന്തരം കയറിയിറങ്ങിയപ്പോൾ ഒറ്റയ്ക്കായിരുന്നു കുഞ്ഞുമോളുടെ പ്രചരണം. മരുമകളുമായി ഒരു പ്രശ്നവുമില്ലെന്നും താൻ മത്സരിക്കുന്ന കാര്യം മകനോട് പറഞ്ഞിരുന്നുവെന്നും മരുമകൾ മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും കുഞ്ഞുമോൾ പറഞ്ഞിരുന്നു. താനാണ് ഇവിടെ ആദ്യം പത്രിക നൽകിയത്. താൻ മത്സരിക്കുന്ന കാര്യം പറഞ്ഞപ്പോഴും മകൻ അവൻറെ ഭാര്യയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും കുഞ്ഞുമോൾ ആരോപിച്ചിരുന്നു. മുൻപ് ബ്ലോക്കിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിജയിച്ചിട്ടുണ്ട് കുഞ്ഞുമോൾ.
എന്നാൽ ഇരുവർക്കും ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച സുരഭി സുനിലാണ് വാർഡിൽ വിജയിത്തക്, ബിജെപി സ്ഥാനാർത്ഥി നിരുപമയ്ക്ക് 168 വോട്ട് നേടാനായി. ജാസ്മിന് 167 വോട്ടുകളും കുഞ്ഞുമോൾക്ക് വെറും 17 വോട്ടുകളുമാണ് കിട്ടിയത്.
കാര്യമായ പോസ്റ്ററുകളോ ഫ്ലക്സുകളോ വെക്കാതെ നേരിട്ടാണ് കുഞ്ഞുമോൾ വോട്ടുതേടിയത്. എന്നാൽ, ജനാധിപത്യമല്ലേയെന്നും ആർക്കും മത്സരിക്കാമല്ലോയെന്നുമാണ് കുഞ്ഞുമോളുടെ മരുമകളും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ജാസ്മിൻ എബി അന്ന് പറഞ്ഞത്