പാർട്ടിയെ വെട്ടിലാക്കുന്നു ; ശ്രീലേഖയുടെ പ്രവൃത്തികളിൽ ബിജെപിയിൽ അതൃപ്തി




പാര്‍ട്ടിയെ തുടര്‍ച്ചയായി വെട്ടിലാക്കുന്ന ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലർ ആര്‍ ശ്രീലേഖയുടെ പ്രവൃത്തിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ട സംഭവത്തില്‍ ഇടപെടേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. പാര്‍ട്ടിയോട് ആലോചിക്കാതെ വിവാദമുണ്ടാക്കിയെന്ന വിമര്‍ശനവും ഉയരുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരമേറ്റ് രണ്ടാം ദിവസം തന്നെ ബിജെപിക്ക് തലവേദനയുണ്ടാക്കുന്നതായിരുന്നു ആര്‍ ശ്രീലേഖയുടെ പ്രവര്‍ത്തികള്‍.

വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട സംഭവത്തിൽ കോര്‍പ്പറേഷനും വെട്ടിലായിരിക്കുകയാണ്. കേരളത്തിൽ ആദ്യമായി ബിജെപിക്ക് കോർപ്പറേഷൻ ഭരണം കിട്ടിയ തിരുവനന്തപുരത്ത് അധികാരമേറ്റ് രണ്ട് ദിവസങ്ങൾക്കകം തന്നെ വിവാദം സൃഷ്ടിച്ചത് പാർട്ടിക്ക് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. വട്ടിയൂര്‍ക്കാവ് നിയസഭാ സീറ്റ് നല്‍കാമെന്ന പാര്‍ട്ടിയുടെ ഓഫറിനോടും ശ്രീലേഖ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിലും ബിജെപിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനിടെ കൗണ്‍സില്‍ ഹാളില്‍ നിന്ന് ശ്രീലേഖ ഇറങ്ങി പോയ സംഭവത്തിലും പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ട്.

أحدث أقدم