ലോകം കാത്തിരുന്ന ആകാശ വിസ്‌മയം ഇന്നും നാളെയും ആകാശത്ത്


ഈ വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ ബാക്കി. ഓരോ വർഷവും ആകാശം നിരവധി അത്ഭുത പ്രതിഭാസങ്ങൾക്ക് വേദിയാകാറുണ്ട്. സൗരയൂഥത്തിലെ ഏഴ്‌ ഗ്രഹങ്ങൾ ഒന്നിച്ച പ്ലാനറ്ററി പരേഡും, ചന്ദ്രഗ്രഹണവും, സൂര്യഗ്രഹണവും, ഉൽക്കാവർഷവും, സൂപ്പർമൂണും ഇതിൽപ്പെടുന്നു. 2025ലെ അവസാനത്തെ പൂർണ ചന്ദ്രൻ അഥവാ സൂപ്പർമൂൺ ഇന്നും നാളെയുമായി (ഡിസംബർ 4,5) ദൃശ്യമാകും.
ഭൂമിയോട് അടുത്ത് വരുന്ന പൂർണ ചന്ദ്രനെ 'കോൾഡ് സൂപ്പർമൂൺ' എന്നും വിളിക്കുന്നു. ശൈതകാലമായ ഡിസംബറിലെ പൗർണ്ണമിയുമായി ബന്ധപ്പെട്ടതാണ് 'കോൾഡ് മൂൺ' എന്ന പേര്. ഡിസംബർ 4ന് വൈകുന്നേരം ദൃശ്യമാകാൻ തുടങ്ങുമെങ്കിലും ഡിസംബർ 5നാണ് പൂർണ ചന്ദ്രനെ കാണാനാവുക. ചന്ദ്രൻ ഭൂമിയ്‌ക്ക് തൊട്ടരികെ വരുന്നതിനാൽ തന്നെ സാധാരണ ചന്ദ്രനെക്കാൾ വലുതും തിളക്കുമുള്ളതും ആയിരിക്കും ഇത്.
ഈ സമയം ചന്ദ്രൻ ഭൂമിയുമായി ഏകദേശം 221,965 മൈൽ (3,57,218 കിലോമീറ്റർ) അകലെയായിരിക്കും. ഇത് ശരാശരി ദൂരത്തേക്കാൾ ഏകദേശം 10-14% അടുത്തായിരിക്കും.

സൂപ്പർമൂൺ: 
പൂർണ ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തോട് ഏറ്റവും അടുത്ത് ഒരു ബിന്ദുവിൽ വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർമൂൺ എന്ന് പറയുന്നത്. ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അരികിലേക്ക് എത്തുന്നതിനാലാണ് ചന്ദ്രനെ ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് പൂർണതയോടെ ദർശിക്കാൻ കഴിയുന്നത്. ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ബിന്ദുവിനെ 'പെരിജി' എന്ന് വിളിക്കുന്നു.
ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്തെത്തുമ്പോൾ, വർഷത്തിലെ ഏറ്റവും മങ്ങിയ പൂർണ ചന്ദ്രനെ അപേക്ഷിച്ച് 14 ശതമാനം വലുതും 30 ശതമാനം തിളക്കമുള്ളതുമായിരിക്കും സൂപ്പർമൂൺ എന്നാണ് നാസ പറയുന്നത്. സാധാരണയായി പ്രതിവർഷം മൂന്നോ നാലോ സൂപ്പർമൂൺ പ്രതിഭാസങ്ങൾ സംഭവിക്കാറുണ്ട്. കഴിഞ്ഞ ഒക്‌ടോബർ, നവംബർ മാസങ്ങളിലും സൂപ്പർമൂൺ ദൃശ്യമായിരുന്നു.

സമയം
ആസ്‌ട്രോമണിക് കലണ്ടറായ അൽമാനാക്ക് പ്രകാരം, ഡിസംബർ 4 വ്യാഴാഴ്‌ച വൈകുന്നേരം ET 6:14ന് ( ഇന്ത്യൻ സമയം ഡിസംബർ 5 വെള്ളിയാഴ്‌ച പുലർച്ചെ 4.44) ആണ് ഏറ്റവും ഉയർന്ന പ്രകാശത്തിൽ പൂർണ ആകൃതി പ്രാപിച്ച സൂപ്പർമൂൺ ദൃശ്യമാവുക. ഇന്ത്യയിൽ ഡിസംബർ 4ന് വൈകുന്നേരം ചന്ദ്രോദയത്തിന് ശേഷം സൂപ്പർമൂൺ ദൃശ്യമായി തുടങ്ങുമെങ്കിലും ഡിസംബർ അഞ്ചിന് പുലർച്ചെയാകും മികച്ച രീതിയിൽ ദൃശ്യമാവുക. സൂര്യാസ്‌തമയത്തിന് ശേഷം ഇന്ത്യയിലെവിടെ നിന്നും സൂപ്പർമൂൺ കാണാം. തുടക്കത്തിൽ കിഴക്ക് ഭാഗത്ത് കാണുമെങ്കിലും, ചന്ദ്രൻ പിന്നീട് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങും.

ശ്രദ്ധിക്കുക
സൂപ്പർമൂൺ ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിച്ച് കാണേണ്ടതില്ല. എന്നാൽ ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിച്ച് കാണുന്നവർക്ക് ചന്ദ്രന്‍റെ ഉപരിതലത്തിലെ വിശദാംശങ്ങളും കാണാം. മലിനീകരണം കുറഞ്ഞ, തുറന്ന, തെളിഞ്ഞ ആകാശത്ത് നിന്ന് (ചന്ദ്രന്‍റെ സഞ്ചാരപാതയായ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്) നോക്കിയാൽ സൂപ്പർമൂൺ വ്യക്തമായി കാണാം. അതേസമയം പൂർണമായി ദൃശ്യമാകുന്നതിന് അനുകൂല കാലാവസ്ഥയും ആയിരിക്കേണ്ടതുണ്ട്. തുറസായ സ്ഥലങ്ങളിൽ നിന്നോ, ടെറസുകളിൽ നിന്നോ കാണുന്നത് ഉത്തമമായിരിക്കും. 


أحدث أقدم