
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യുകയും മറ്റു രണ്ടു സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുകയും ചെയ്ത കേസിൽ മലയാളിയായ നഴ്സിന് ഏഴുവർഷവും ഒൻപത് മാസവും തടവുശിക്ഷ. നോർത്ത് ലനാർക്ക്ഷയറിൽ കെയർ ഹോം മാനേജരായിരുന്ന നൈജിൽ പോളിനെയാണ് ഗ്ലാസ്ഗോ ഹൈക്കോടതി ശിക്ഷിച്ചത്.
ഏഴുവർഷം മുൻപാണ് കുറ്റകൃത്യം നടന്നത്. 2018-ൽ കേസെടുത്തെങ്കിലും 2019-ൽ വിചാരണയ്ക്ക് തൊട്ടുമുൻപ് പിതാവിന് അസുഖമാണെന്ന് വിശദമാക്കി നൈജിൽ പോൾ കൊച്ചിയിലേക്ക് കടന്നിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് നൈജിലിനെ ഇന്റർ പോളിന്റെ സഹായത്തോടെ ദില്ലിയിൽ നിന്ന് പിടികൂടിയത്. ലൈംഗിക ആരോപണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് 47കാരനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പീഡനത്തിനിരയായവരെ കുറ്റപ്പെടുത്തിയായിരുന്നു നൈജിൽ കോടതിയിൽ പെരുമാറിയത്. സ്ത്രീകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ കോടതിയിൽ വാദിച്ചത്. ഒടുവിൽ മറ്റ് വഴികളില്ലാതെ വന്നതോടെ കുറ്റ സമ്മതം നടത്തുകയായിരുന്നു.