തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചു….കൊല്ലത്ത് വിജയാഹ്ലാദ പ്രകടനത്തിനിടെ കയ്യാങ്കളി….


കൊല്ലം ഇട്ടിവയിൽ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വിജയാഹ്ലാദ പ്രകടനത്തിനിടെ കയ്യാങ്കളി. നെടുപുറം വാർഡിൽ വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി അഖിൽ ശശിയുടെ ആഹ്ലാദ പ്രകടനത്തിനിടെ ആയിരുന്നു കയ്യാങ്കളി. തോറ്റ സ്ഥാനാർത്ഥിയുടെ വീടിന് സമീപത്ത് കൂടി കടന്നുപോയ പ്രകടനത്തിൽ പടക്കം പൊട്ടിച്ചതായിരിന്നു പ്രശ്നങ്ങളുടെ തുടക്കം. പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി ബി ബൈജുവും സംഘവും വാഹനം തടഞ്ഞ് ആക്രമിച്ചെന്നാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി അഖിൽ ശശിയുടെ പരാതി.

ആൾക്കൂട്ടത്തിന് ഇടയിലേക്ക് ബി ബൈജു ഓടിയെത്തി കയ്യേറ്റം നടത്തുന്ന ദൃശ്യം സഹിതം അഖിൽ ശശി കടയ്ക്കൽ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ബൈജുവും പൊലീസിൽ പരാതി നൽകി. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അഖിൽ ശശി വിമതനായി മത്സരിച്ചത്. പത്രിക നൽകിയതിന് പിന്നാലെ അഖിൽ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ‍‍ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗവുമാണ് പരാജയപ്പെട്ട ബൈജു.

أحدث أقدم