
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കോടതി, കോണ്‍ഗ്രസ് നടപടികള്‍ ആഘോഷമാക്കുന്ന ഡിവൈഎഫ്‌ഐയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. സ്ത്രീപീഡനക്കേസില്‍ ആരോപണം നേരിടുന്ന സിപിഎം എംഎല്‍എ മുകേഷിന്റെ വിഷയം ഉയര്‍ത്തിയാണ് അബിന്‍ വര്‍ക്കിയുടെ പ്രതികരണം. മുകേഷിന്റെ കേസ് വന്നപ്പോള്‍ സിപിഎം നിലപാടെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടുന്ന അബിന്‍ ഇപ്പോള്‍ മധുരം വിളമ്പുന്ന ഡിവൈഎഫ്‌ഐക്കാര്‍ക്ക് ഉളുപ്പുണ്ടോ എന്നും ചോദിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കോണ്‍ഗ്രസ് തുടക്കം മുതല്‍ സ്വീകരിച്ച നടപടികളും അബിന്‍ വര്‍ക്കി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എണ്ണിപ്പറയുന്നു. ‘ഒരു ആരോപണം വന്നു. പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നു. ഉടനെ, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കി. പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു. രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ കൊടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഉത്തരവ് വന്നത് 2.25ന്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് 2.26 ന് പ്രഖ്യാപനം നടത്തി. ഇത്രയും കാര്യങ്ങള്‍ ആത്മാഭിമാനത്തോടെ കോണ്‍ഗ്രസ് ചെയ്തു. എന്നാല്‍ മുകേഷിന് എതിരെ എന്ത് നടപടിയാണ് സിപിഎം എടുത്തത് എന്നാണ് അബിന്‍ വര്‍ക്കി ഉയര്‍ത്തുന്ന ചോദ്യം.