
കോട്ടയത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിൻറെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കോട്ടയം നാട്ടകം എംസി റോഡിൽ വച്ച് ആയിരുന്നു സംഭവം. അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരുമായും പോലീസുമായും താരം വക്കുതർക്കത്തിലേർപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമത്തിൽ വൈറലാണ്.
പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ ചികിത്സയിലാണ്. ഇയാളുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സംഭവത്തിൽ ചെയ്യാനെത്തിയ നാട്ടുകാരെയും പൊലീസിനെയും സിദ്ധാർഥ് അക്രമിച്ചിരുന്നു. 24ന് രാത്രി നാട്ടകം ഗവൺമെൻറ് കോളേജിന് സമീപം എം.സി റോഡിൽ വെച്ചാണ് സിദ്ധാർഥ് അപകടമുണ്ടാക്കിയത്.
അപകടത്തിന് പിന്നാലെ ചോദ്യംചെയ്യാൻ ശ്രമിച്ച നാട്ടുകാരെയും ഇടപെടാനെത്തിയ പോലീസിനെയും ഇയാൾ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ബലം പ്രയോഗിച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കോട്ടയം ഭാഗത്തുനിന്ന് എത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് സിദ്ധാർഥ് കാൽനടയായി പോകുകയായിരുന്ന ലോട്ടറി വിൽപനക്കാരനെ ഇടിച്ചത്. അസഭ്യവാക്കുകൾ ഉപയോഗിച്ചതോടെ സ്ഥിതിഗതികൾ വഷളായി കയ്യാങ്കളിയിലേക്കു മാറിയതായി പോലീസ് അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സിദ്ധാർഥിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
മലയാള സീരിയൽ പ്രേക്ഷകർക്ക് സുപരിചിതനായ സിദ്ധാർഥ് പ്രഭു തട്ടീം മുട്ടീം, ഉപ്പും മുളകും എന്നീ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെയാണ് അഭിനയരംഗത്തേക്ക് സിദ്ധാർത്ഥ് കടക്കുന്നത്.