അതിർത്തി തർക്കത്തെ തുടർന്ന് ആക്രമണം; പെയിന്റിംഗ് തൊഴിലാളിയെ കടിച്ച് പരിക്കേൽപ്പിച്ച് വെളിച്ചപ്പാട്


കാസർഗോഡ് വെളിച്ചപ്പാടിന്റെ കടിയേറ്റ് പെയിന്റിംഗ് തൊഴിലാളിക്ക് പരിക്ക്. കാസർഗോഡ് ചന്തേര മാണിയാട്ട് കാട്ടൂർ തറവാടിന് സമീപത്തെ പെയിന്റിംഗ് തൊഴിലാളി പി പ്രകാശിനാണ് (45) കടിയേറ്റത്. അയൽക്കാർ തമ്മിൽ ഉണ്ടായ അതിർത്തി തർക്കം ആക്രമണത്തിലും കടിയിലും കലാശിക്കുകയായിരുന്നു. ചന്തേര ചെമ്പിലേട് ക്ഷേത്രത്തിലെ വെളിച്ചപ്പാട് കൃഷ്ണനാണ് അക്രമം അഴിച്ച് വിട്ടത്.

ചൊവ്വാഴ്ച വൈകിട്ട് 3.45ഓടെയാണ് സംഭവം നടന്നത്. വെളിച്ചപ്പാട് ഓടിച്ച കാർ റോഡിലൂടെ പോകുന്നതിനിടെ മതിലിൽ ഇടിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കടിയേൽക്കുന്നതിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇവർ തമ്മിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഈ തർക്കം മുൻപ് മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിച്ചിരുന്നതാണ്.

പരിക്കേറ്റ പ്രകാശനെ ഉടൻ തന്നെ ചെറുവത്തൂർ കെ എ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ചന്തേര പൊലീസ് നിലവിൽ കേസെടുത്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനുമുൻപും ഇരുവരും തമ്മിൽ പല കാര്യത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

أحدث أقدم