ബെംഗളൂരു സർ എം വിശ്വേശ്വരയ്യ ടെർമിനലിന് സമീപം വെച്ച് ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്യതെന്ന മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ പരാതി വ്യാജം. 22 വയസ്സുള്ള നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് ക്യാബ് ഡ്രൈവറും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തെന്ന് വ്യാജ പരാതി നൽകിയത്. ഡിസംബർ 6 -നായിരുന്നു യുവതി പോലീസിൽ വ്യാജ ബലാത്സംഗ പരാതി നല്‍കിയത്.
ഡിസംബർ 2 ന് രാത്രി സർ എം വിശ്വേശ്വരയ്യ ടെർമിനലിന് സമീപം വാഹനത്തിനുള്ളിൽ വച്ച് ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. പോലീസ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ കേസ് ബനസ്വാഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ക്യാബ് ഡ്രൈവറെ ബെംഗളൂരുവിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. അതേസമയം 33 -കാരനും രണ്ട് കുട്ടികളുടെ പിതാവുമായ ക്യാബ് ഡ്രൈവർ താന്‍ നിരപരാധിയാണെന്ന കാര്യത്തിൽ ഉറച്ച് നിന്നു.
ബെംഗളൂരു പോലീസ് നടത്തിയ അന്വേഷണത്തിൽ ഡിസംബർ 2 -ന് രാത്രി റെയിൽവേ സ്റ്റേഷനിൽ ക്യാബ് ഡ്രൈവറും നഴ്സിംഗ് വിദ്യാർത്ഥിനിയും ഒരുമിച്ച് നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. രാത്രി 11.30 നും പുലർച്ചെ 5.30 നും ഇടയിലാണ് ഇവരെ ഒരുമിച്ച് കണ്ടത്. അതേസമയം പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്ന കാബ് ഡ്രൈവറുടെ സുഹൃത്തുക്കളെ പോലീസിന് കണ്ടെത്താനും കഴിഞ്ഞില്ല. കാബിനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇരുവരും ഒരുമിച്ച് നീങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. രാത്രിയിൽ അവർ വീണ്ടും വാഹനത്തിൽ കയറി സ്റ്റേഷന് ചുറ്റും സഞ്ചരിച്ചു. ഒടുവിൽ, പുലർച്ചെ 5.30 ന് യുവതി എറണാകുളം ട്രെയിനിൽ കയറുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.
ഡിസംബർ 3 -ന് നഴ്‌സിംഗ് വിദ്യാർത്ഥി ക്യാബ് ഡ്രൈവറിന് നിരവധി സന്ദേശങ്ങൾ അയച്ചതായി അദ്ദേഹത്തിന്‍റെ വാട്ട്‌സ്ആപ്പിൽ നിന്നും പോലീസ് കണ്ടെത്തി. ഇവയിൽ ചിലത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ കുറിച്ചായിരുന്നു. ഇതിന് ശേഷവും ഇരുവരും നല്ല ബന്ധിത്തിലായിരുന്നതായും പോലീസിന് സൂചന ലഭിച്ചു. ഇതോടെ പോലീസ് യുവതിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.
പോലീസിന്‍റെ നിരന്തരമായ ചോദ്യം ചെയ്യലിൽ തന്‍റെ കഴുത്തിലേറ്റ പോറലിനെ കുറിച്ചുള്ള കാമുകന്‍റെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് താന്‍ വ്യാജ കൂട്ട ബലാത്സംഗ പരാതി നല്‍കിയതെന്ന് യുവതി സമ്മതിച്ചു. കാബ് ഡ്രൈവറുമായുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനിടെയാണ് കഴുത്തിൽ പരിക്കേറ്റതെന്നും യുവതി പോലീസിനോട് സമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കാറിൽ ഇരുന്ന് തന്നെ എറണാകുളത്തുള്ള തന്‍റെ കാമുകനെ വിളിച്ച് അതിരാവിലെ സ്റ്റേഷനിലെത്തുമെന്ന് യുവതി അറിയിച്ചിരുന്നു. അതേസമയം കേസ് അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഡ്രൈവർ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.