കോർപ്പറേഷൻ കൗൺസിൽ യോഗത്തിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ


തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ കൗൺസിൽ യോഗത്തിന് മുമ്പ് ഗണഗീതം പാടി തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രവർത്തകർ. പ്രതിഷേധങ്ങളിലാതെ ഗണഗീതം പാടി അവസാനിപ്പിക്കുകയായിരുന്നു. കോർപ്പറേഷന് പുറത്ത് ദേശീയ നേതാക്കളടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങൾ ഗണഗീതം പാടിയത്. ഇതിന് ശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിലും ഈ വിഷയവുമായി ബന്ധപ്പെട്ട് വേറെ ചർച്ചകൾ ഒന്നും തന്നെ ഉണ്ടായില്ല. തിരഞ്ഞെടുപ്പ് നടന്ന 100 ഡിവിഷനുകളിലെ കൗൺസിലർമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഗണഗീതം പാടിയത് പുറത്ത് വലിയ ചർച്ചാവിഷയമായി.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ പത്തിനായിരുന്നു ത്രിതല പഞ്ചായത്ത്, നഗരസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്നരയോടെ കോർപ്പറേഷനിലെ കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു.മേയർ , നഗരസഭാ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ചയാണ്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷൻമാർ ആരെന്ന് ശനിയാഴ്ച അറിയാം. തിരുവനന്തപുരം കോർപറേഷനിൽ,നന്ദൻകോഡ് വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം UDF ൻറെ കെ ആർ ക്ലീറ്റസിന് ജില്ലാ കളക്ടർ അനു കുമാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

പിന്നാലെ കെ ആർ ക്ലീറ്റസ് ബാക്കി 99 കൗൺസിലർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 50 ഡിവിഷനുകൾ വിജയിച്ച് കോർപ്പറേഷൻ ഭരണമുറപ്പിച്ച എൻഡിഎയിൽ നിന്ന് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വി വി രാജേഷും, ആർ ശ്രീലേഖയും , കരമന അജിതും സത്യപ്രതിജ്ഞ ചെയ്തു. സംസ്കൃതത്തിൽ ആയിരുന്നു കരമന അജിത്തിന്റെ സത്യപ്രതിജ്ഞ. 29 സീറ്റോടെ പ്രതിപക്ഷത്തായ എൽഡിഎഫ് കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റു.  19 സീറ്റുകളോടെ നില മെച്ചപ്പെടുത്തിയ യുഡിഎഫ് കൗൺസിലർമാർ ഭരണഘടന ഉയർത്തിക്കാട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്ത് പലയിടങ്ങളിലും സിപിഎം കോൺഗ്രസ് ബാന്ധവമെന്നും തിരുവനന്തപുരത്ത് ചർച്ചകളിലൂടെ മേയറെ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

أحدث أقدم