
2036ലെ ഒളിംപിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെ ഒളിമ്പിക്സ് വേദിയാക്കാന്‍ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ ‘ലെറ്റര്‍ ഓഫ് ഇന്റന്റ്’ കൈമാറി. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് വോട്ട് തട്ടാനാണ് രാജീവ് ചന്ദ്രശേഖറും ബിജെപിയും ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
2036ലെ ഒളിംപിക്സിന് മുന്നോടിയായി ഇന്ത്യയുടെ കായിക സൗകര്യങ്ങള്‍ തെളിയിക്കുന്നതിനായി 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഹമ്മദാബാദില്‍ നടത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അഹമ്മദാബാദിലെ സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇന്ത്യ ഒളിംപിക്സ് അവകാശവാദം ഉന്നയിക്കുന്നത്. സ്വന്തം സര്‍ക്കാര്‍ ഗുജറാത്തിനെ വേദിയായി നിശ്ചയിച്ച് അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ്, ഇതൊന്നുമറിയാത്ത പോലെ കേരളത്തില്‍ വന്ന് ഒളിംപിക്‌സ് വേദി തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന് ബിജെപി തട്ടിപ്പ് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.