അടുത്ത ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ വിലയിരുത്തും. 2026-27 വര്‍ഷം നടപ്പാക്കാനാകുന്ന പദ്ധതികള്‍ പരിശോധിക്കും. മുന്‍ഗണന നിശ്ചയിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കും. കേന്ദ്രസര്‍ക്കാര്‍ ഫണ്ട്, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവ വഴി പദ്ധതി തുക കണ്ടെത്തും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയില്‍ മറ്റൊരു അരവണ പ്ലാൻ്റ് നിർമിച്ചാല്‍ നാലു മുതല്‍ അഞ്ച് ലക്ഷം വരെ പ്രതിദിനം അരവണ ഉത്പാദിപ്പിക്കാന്‍ കഴിയും. മണ്ഡലകാല ഉത്സവ നടത്തിപ്പില്‍ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്താനാണ് ശ്രമം. ഇതിനായുള്ള സാങ്കേതിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും.
നിലയ്ക്കലില്‍ നിന്ന് പുറപ്പെടുന്നവര്‍ എത്ര നേരം കൊണ്ട് പമ്പയിലെത്തും എത്ര നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരും തുടങ്ങിയവയെല്ലാം നിര്‍മ്മിത ബുദ്ധിയും ജിപിഎസ് സംവിധാനവും ഉപയോഗിച്ച് നിര്‍ണയിക്കാനാകും. ഇത്തരം സാധ്യതകളാണ് പരിശോധിക്കുന്നത്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചുള്ള നവീകരണമാണ് ശബരിമലയില്‍ നടപ്പാക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു.