കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദ്വാരപാലക ശിൽപ കവർച്ച കേസിലാണ് പത്മകുമാറിൻ്റെ ജാമ്യനീക്കം. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു. ആദ്യം അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി ഇതാദ്യമായാണ് ജാമ്യനീക്കം നടത്തുന്നത്. ഇതുവരെ പരിഗണിച്ച പ്രതികളുടെ ജാമ്യ ഹർജികളെല്ലാം കോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. സ്വർണ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷയിൽ നാളെ വിധി പറയും. എസ്ഐടിയുടെയും ഇഡിയുടെയും വാദം ഇന്നലെ വിജിലൻസ് കോടതിയിൽ പൂർത്തിയായിരുന്നു. കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇഡിയുടെ നീക്കം.