സൈക്കിളിന്‍റെ കാറ്റ് തുറന്നുവിട്ടെന്ന് ആരോപിച്ച് വിദ്യാർഥിയെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി ,സ്കൂളിലെ ഹെഡ്മാസ്റ്ററുടെ നിർദ്ദേശപ്രകാരമാണ് മർദ്ദനം അഴിച്ചുവിട്ടത് .. പ്രതിഷേധം


ഹൈദരാബാദ്: സ്കൂളിലെ ഹെഡ്മാസ്റ്ററുടെ നിർദ്ദേശപ്രകാരം ഏഴാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസിലെ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഹൈദരാബാദിലെ കൊമ്പള്ളി സർക്കാർ ഹൈസ്കൂളിലാണ് വിവാദ സംഭവം. സൈക്കിളിന്‍റെ കാറ്റ് തുറന്നുവിട്ടെന്ന് ആരോപിച്ച് വിദ്യാർഥിയെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയായിരുന്നു.തിങ്കളാഴ്ച മധു എന്ന അധ്യാപകൻ ഏഴാം ക്ലാസ് വിദ്യാർഥിയായ ഫണീന്ദ്ര സൂര്യയെ സൈക്കിൾ സ്റ്റാൻഡിലേക്ക് പരിശോധനക്കായി വിട്ടിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ സ്കൂളിലെ സൈക്കിളുകൾക്ക് കേടുപാട് സംഭവിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് അധ്യാപകൻ സൂര്യയെ പരിശോധനക്കായി അയച്ചത്. ഇത് കണ്ടുനിന്ന ചാരി എന്ന അധ്യാപകൻ, സൈക്കിളുകൾ കേടുവരുത്തുന്നത് സൂര്യയാണെന്ന് തെറ്റിദ്ധരിച്ച് ഹെഡ്മാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു.ഹെഡ്മാസ്റ്റർ കൃഷ്ണ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം, ഒമ്പതിലെയും പത്തിലെയും വിദ്യാർഥികളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി സൂര്യയുടെ പുറത്ത് വടികൊണ്ട് അടിക്കാൻ ഉത്തരവിട്ടു. പ്രധാനാധ്യാപകന്റെ നിർദ്ദേശം അനുസരിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ ഏഴാം ക്ലാസുകാരനെ അതിക്രൂരമായി മർദിച്ചു. മർദനമേറ്റ് കഠിനമായ വേദനയോടെ വീട്ടിലെത്തിയ സൂര്യയെ മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായുരുന്നു. സൂര്യയുടെ പിതാവ് ശിവ രാമകൃഷ്ണ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഹെഡ്മാസ്റ്റർ കൃഷ്ണ, അധ്യാപകരായ മധു, ചാരി എന്നിവരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകളിൽ ശാരീരിക ശിക്ഷ പൂർണമായും നിരോധിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ പ്രിൻസിപ്പലിനെതിരെയും മറ്റ് അധ്യാപകർക്കെതിരെയും നിയമനടപടി ആവശ്യപ്പെട്ട് രക്ഷിതാക്കളും ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്.




أحدث أقدم