
ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി സണ്ണി ജോസഫിന്‍റെ പ്രതികരണത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. കോണ്‍ഗ്രസിനടക്കം ലഭിച്ച പരാതികളിൽ ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാൽ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്. അതിനാൽ തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നുപറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് അവര്‍ ഭയക്കുന്നു. ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല പ്രശ്‌നം തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിക്കില്ല. ശബരിമലയുമായി ബന്ധപ്പെട്ട് നടക്കാന്‍ പാടില്ലാത്തത് ചിലത് നടന്നു എന്നത് വസ്തുതാപരമായ കാര്യമാണ്. ആ കാര്യത്തില്‍ കര്‍ക്കശമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സര്‍ക്കാര്‍ ആയിരുന്നില്ലെങ്കില്‍ ഇത്രയും കൃത്യതയോടെയുള്ള ഇടപെടല്‍ ഉണ്ടാവില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ നടപടികള്‍ക്ക് വിശ്വാസികളുടെ ഭാഗത്ത് നിന്ന് പിന്തുണ ഉണ്ടാവുന്നത്. പക്ഷേ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ദുഷ്പ്രചാരണമാണ് ബിജെപിയും യുഡിഎഫും നടത്തുന്നത്. ഈ കാര്യത്തില്‍ രണ്ടുപേരും ഒരേ വണ്ടിയിലാണ് സഞ്ചരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.