
പുതുവർഷത്തെ വരവേൽക്കാൻ യുഎഇ സജ്ജമായി. ലോകം ഉറ്റുനോക്കുന്ന അത്യാധുനിക വെടിക്കെട്ടുകളും, ഡ്രോൺ പ്രദർശനങ്ങളുമായാണ് യുഎഇ ഈ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡുകൾ ലക്ഷ്യമിട്ടുള്ള വമ്പൻ ഒരുക്കങ്ങളാണ് അബുദാബി, ദുബായ്, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ പൂർത്തിയായത്.
അബുദാബിയിലെ അൽ വത്ബയിലുള്ള ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇത്തവണ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. തുടർച്ചയായി 62 മിനിറ്റ് നീണ്ടുനിൽക്കുന്ന റെക്കോർഡ് വെടിക്കെട്ടാണ് ഇവിടെ നടക്കുക. ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ പ്രദർശനത്തിൽ 6,500 ഡ്രോണുകൾ ആകാശത്ത് വിസ്മയം തീർക്കും. ഡിജിറ്റൽ കൗണ്ട്‌ഡൗണിനൊപ്പം ഒൻപത് കൂറ്റൻ ആകാശരൂപങ്ങളും ആകാശത്ത് തെളിയും. അഞ്ച് ഗിന്നസ് റെക്കോർഡുകളാണ് ഇവിടെ അധികൃതർ ലക്ഷ്യമിടുന്നത്. റാസൽഖൈമ: റാസൽഖൈമയുടെ തീരദേശത്ത് ആറ് കിലോമീറ്റർ നീളത്തിലാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്.