
ക്രിസ്മസ് – പുതുവത്സര വിപണിയിൽ വൻ കുതിച്ചുചാട്ടവുമായി സപ്ലൈകോ. വെറും പത്തുദിവസത്തിനുള്ളിൽ 82 കോടി രൂപയുടെ വിറ്റുവരവാണ് സ്ഥാപനം സ്വന്തമാക്കിയത്. ഡിസംബർ 22 മുതൽ ജനുവരി 1 വരെയുള്ള കാലയളവിലെ കണക്കുകളാണിത്. 50 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കിയത് വിപണിയിൽ സപ്ലൈകോയ്ക്ക് വലിയ മുന്നേറ്റം നൽകി.
പെട്രോൾ പമ്പുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഫെയറുകൾ എന്നിവയുൾപ്പെടെ ആകെ വിറ്റുവരവ് 82 കോടി രൂപയാണ്. ഇതിൽ 36.06 കോടി രൂപ സബ്സിഡി സാധനങ്ങളിൽ നിന്നാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ സംഘടിപ്പിച്ച പ്രത്യേക മേളകളിൽ നിന്ന് 74 ലക്ഷം രൂപ ലഭിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ ഫെയറിൽ മാത്രം 29.31 ലക്ഷം രൂപയുടെ കച്ചവടം നടന്നു. ഇതിൽ 16.19 ലക്ഷം രൂപയും സബ്സിഡി ഇനങ്ങളാണ്.
ഡിസംബർ 25-ന് അവധിയായിരുന്നിട്ടും ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് ഇത്രയും വലിയ നേട്ടം കൈവരിക്കാനായത് പൊതുജനങ്ങൾക്ക് സപ്ലൈകോയിലുള്ള വിശ്വാസമാണ് തെളിയിക്കുന്നത്. സബ്സിഡി ഇതര സാധനങ്ങളുടെ വിൽപനയിലും മികച്ച വർധനവുണ്ടായിട്ടുണ്ട്.